പുതുതലമുറയുടെ പ്രണയകഥ പറയുന്ന ചിത്രം ഓ മൈ ഡാർലിംഗ് ഫെബ്രുവരി 24ന് തീയറ്ററുകളിലെത്തുകയാണ്. ബാലതാരമായി വന്ന് മലയാളി സിനിമാപ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ അനിഖ സുരേന്ദ്രൻ നായികയായി അരങ്ങേറ്റം നടത്തുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിലെ ഡാർലിംഗ് എന്ന ഗാനം പുറത്തു വന്നപ്പോൾ ഒരു കൌതുകം കൂടിയുണ്ട്. കൊറിയൻ ഗായികയായ ലിൻഡ ക്വെറോ ആണ് പാട്ട് രചിച്ചതും പാടിയിരിക്കുന്നതും. ഷാൻ റഹ്‌മാൻ ആണ് സംഗീതസംവിധാനം.
 
 യുവതലമുറയ്ക്ക് ആവശ്യമായ എല്ലാ ചേരുവകളും ചേർന്ന ഗാനമാണിതെന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു. നേരത്തെ പുറത്തുവന്ന ചിത്രത്തിൻ്റെ ടീസറും ട്രയിലറും ശ്രദ്ധിക്കപ്പെട്ടിരുന്നു. ആൽഫ്രഡ് ഡി സാമുവലാണ് സംവിധാനം. ആഷ് ട്രീ വെഞ്ച്വേഴ്സിന്റെ ബാനറിൽ മനോജ് ശ്രീകണ്ഠയാണ് നിർമാണം. ജിനീഷ് കെ ജോയ് ആണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.
മെൽവിൻ ജി ബാബു, മുകേഷ്, ലെന, ജോണി ആൻ്റണി, മഞ്ജു പിള്ള, വിജയരാഘവൻ, ശ്രീകാന്ത് മുരളി, നന്ദു, ഡെയ്ൻ ഡേവിസ്, ഫുക്രു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളായെത്തുന്നത്. അൻസാർ ഷായാണ് ഛായാഗ്രഹണം. വിനായക് ശശികുമാറിൻ്റെ വരികൾക്ക് സംഗീതം പകരുന്നത് ഷാൻ റഹ്‌മാനാണ്. ചിത്രം അടുത്ത വാരം പ്രദർശനത്തിനെത്തും.


 
 


 
  
  
  
 