ലോകത്ത് ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്നവരുടെ പട്ടികയിൽ ഒരു ഇന്ത്യക്കാരിയും. നെറ്റ്ഫ്ളിക്സിൻ്റെ ഗ്ലോബൽ ടി വി യുടെ ചീഫ് ഓഫിസറായ 54 കാരി ബെല ബെജാരിയയുടെ ശമ്പളം 16 മില്യൺ ഡോളർ ആണ്. അതേസമയം ബോളിവുഡ് താരപരിവേഷം വേണ്ടെന്ന് വച്ച് കർമ്മപഥം തിരിച്ചറിഞ്ഞ വനിതയാണ് ലണ്ടനിൽ ജനിച്ച് അമേരിക്കയിൽ ജീവിക്കുന്ന ഈ ഇന്ത്യൻ വംശജ.
നാല് വയസ്സുള്ളപ്പോഴാണ് ബെല മാതാപിതാക്കൾക്കൊപ്പം അമേരിക്കയിലേക്ക് കുടിയേറിയത്. കുടുംബത്തിൻ്റെ ബിസിനസ്സ് കാര്യങ്ങൾക്കു വേണ്ടിയായിരുന്നു ഇത്. ഹൈ സ്കൂൾ പഠനം പൂർത്തിയാക്കിയ ബെല മോഡലിങ്ങിലും തിളങ്ങി. മിസ്സ് ലോസ് ആഞ്ചലസ് ഇന്ത്യ ആയും 1991 ഇൽ മിസ്സ് ഇന്ത്യ വേൾഡ് ആയും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മോഡലിങ് ആയിരുന്നു ബോളിവുഡിലേക്കുള്ള വഴി ഒരുക്കിയത്. എന്നാൽ ബെല അത് നിരസിച്ചു. പകരം സി ബി എസ് ചാനലിൽ ജോലിക്ക് കയറി. പിന്നീട് വാർണർ ബ്രസ് ചാനലിലേക്ക് മാറി. ശേഷം 1997 ൽ ഡയറക്ടറായി സി ബി എസിലേക്ക് തന്നെ തിരിച്ചെത്തി.
2016 ഇൽ ബെല നെറ്റ്ഫ്ളിക്സിൽ ജോലി നേടി. അൺ സ്ക്രിപ്റ്റഡ് ആൻഡ് ഇന്റർനാഷണൽ കണ്ടൻ്റ് മേധാവിയായിട്ടായിരുന്നു തുടക്കം. പിന്നീട് കോവിഡ് കാലത്ത് ഇംഗ്ലീഷ്, പ്രാദേശിക ഭാഷകളുടെ ഹെഡ് ആയി സ്ഥാനകയറ്റം ലഭിച്ചു. കൂടാതെ ലോകത്ത് ഏറ്റവും കൂടുതൽ സ്വാധീനമുള്ള വനിതകളുടെ പട്ടികയിൽ ഇടം നേടുകയും ചെയ്തു. ഇപ്പോൾ നെറ്റ്ഫ്ളിക്സിൽ ജനങ്ങൾ എന്ത് കാണണമെന്ന് തീരുമാനിക്കുന്നത് ബെലയാണ്.
സിനിമയിലെ താര പരിവേഷം ഉപേക്ഷിച്ച ബെല ഇപ്പോൾ ക്യാമറയ്ക്ക് പിന്നിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി മാറി. നിരവധി സ്ട്രീമിങ് ഭീമന്മാരെ പിന്നിലാക്കി നെറ്റ്ഫ്ളിക്സിനെ ഒന്നാം സ്ഥാനത്തെത്തിച്ചതിൽ ബെലെയുടെ പങ്ക് ചെറുതല്ല. ലോകത്തെ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്ന വ്യക്തിയെന്ന നേട്ടം ബെല കൈവരിച്ചതിന് പിന്നിലും ഈ പ്രവർത്തനം തന്നെയാണ്.