ലൈംഗികാതിക്രമ കേസില്‍ ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം ഡാനി ആല്‍വസ് സ്‌പെയിനില്‍ പൊലീസ് കസ്റ്റഡിയില്‍. ബാഴ്‌സലോണയിലെ നിശാക്ലബ്ബില്‍ വെച്ച് യുവതിയെ ലൈംഗികമായി അക്രമിച്ചു എന്ന പരാതിയിലാണ് പൊലീസ് താരത്തെ അറസ്റ്റ് ചെയ്തത്. ആല്‍വസിനെ വിചാരണയ്ക്കായി ബാഴ്‌സലോണ കോടതിയില്‍ ഹാജരാക്കുമെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31നായിരുന്നു കേസിനാസ്പദമായ സംഭവം. ബാഴ്‌സലോണയിലെ നിശാക്ലബ്ബില്‍ വെച്ച് ഡാനി ആല്‍വസ് മോശമായ രീതിയില്‍ സ്പര്‍ശിച്ചെന്നായിരുന്നു യുവതിയുടെ ആരോപണം. എന്നാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ ആല്‍വസ് നിഷേധിക്കുകയാണ് ചെയ്തത്. ‘സംഭവസ്ഥലത്ത് ഞാന്‍ ഉണ്ടായിരുന്നു. എന്റെ കൂടെ ഒരുപാട് പേരുണ്ടായിരുന്നു. എന്നെ അറിയാവുന്ന എല്ലാവര്‍ക്കും ഞാന്‍ നൃത്തം ഇഷ്ടപ്പെടുന്നയാളാണെന്ന് അറിയാം. ആ സമയം ആരെയും ശല്യപ്പെടുത്താതെ നൃത്തം ചെയ്ത് സ്വയം ആസ്വദിച്ച് നില്‍ക്കുകയായിരുന്നു. ആ സ്ത്രീ ആരാണെന്ന് പോലും എനിക്ക് അറിയില്ല. ഒരിക്കലും ഒരു പെണ്‍കുട്ടിയോടോ സ്ത്രീയോടോ എനിക്ക് അങ്ങനെ ചെയ്യാന്‍ സാധിക്കില്ല’ ആല്‍വസ് പറഞ്ഞു.
ഖത്തര്‍ ലോകകപ്പില്‍ കാമറൂണിനെതിരായ മത്സരത്തില്‍ കളത്തിലിറങ്ങിയ ആല്‍വസ് ലോകകപ്പ് സ്‌ക്വാഡില്‍ ഇടംനേടുന്ന പ്രായം കൂടിയ താരമെന്ന ബഹുമതിക്ക് അര്‍ഹനാവുകയും ചെയ്തിരുന്നു.