സംസ്ഥാന സർക്കാരിന്റെ ദില്ലിയിലെ പ്രത്യേക പ്രതിനിധിയായി മുൻ കോൺഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന കെ വി തോമസിനെ നിയമിക്കും. ക്യാബിനറ്റ് റാങ്കോടെയാണ് നിയമനം. മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം.
തൃക്കാക്കര ഉപതെരഞ്ഞടുപ്പുവേളയിൽ നടന്ന എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ കെ വി തോമസ് പങ്കെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയെന്ന് ചൂണ്ടികാട്ടി കെ വി തോമസിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയത്.
കെ വി തോമസിന്റെ ക്യാബിനറ്റ് പദവിയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ രംഗത്തെത്തി. ‘കെ വി തോമസിന് ഡൽഹി ക്ലൈമറ്റ് നല്ല ഇഷ്ടം ഉള്ള ആളാണ്. ഇത്തരം നക്കാപ്പിച്ച കണ്ട് പോകുന്നവർ ഒന്നും കോൺഗ്രസിൽ ഇല്ല. കേരള ഹൗസിൽ ഒരു മുറി ഉണ്ടാകും, ശമ്പളം കിട്ടും. അല്ലാതെ ഒന്നുമില്ല, എന്നാണ് മുരളീധരന്റെ പരിഹാസം.