ഖത്തറിലെ ലുസൈൽ ട്രാം 2022 ജനുവരിയിൽ സർവീസ് ആരംഭിച്ചതിന് ശേഷം ഒരു കോടിയിലധികം യാത്രക്കാരെ എത്തിച്ച് റെക്കോർഡ് സ്ഥാപിച്ചു. പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കുമിടയിൽ ട്രാമിൻ്റെ വർദ്ധിച്ചുവരുന്ന ജനപ്രീതി ഇത് എടുത്തു കാണിക്കുന്നു.
ഖത്തർ റെയിൽ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, ഖത്തറിൻ്റെ സ്മാർട്ട് സിറ്റിയായി വിഭാവനം ചെയ്യുന്ന ലുസൈൽ സിറ്റിയിലെ പൊതുഗതാഗതത്തിൻ്റെ നട്ടെല്ലാണ് ട്രാം സർവീസ്. 2022 ജനുവരിയിൽ ഓറഞ്ച് ലൈനോടെയാണ് സർവീസ് ആരംഭിച്ചത്. തുടർന്ന് 2024 ഏപ്രിലിൽ പിങ്ക് ലൈനും 2025 ജനുവരിയിൽ ടർക്കോയിസ് ലൈനും പ്രവർത്തനം തുടങ്ങി. പരിസ്ഥിതി സൗഹൃദ സ്മാർട്ട് സിറ്റിയാകാനുള്ള ഖത്തറിൻ്റെ ലക്ഷ്യത്തിൽ പ്രധാന പങ്ക് വഹിക്കുന്ന ഈ ട്രാം സംവിധാനം നഗരത്തിൻ്റെ എല്ലാ ഭാഗങ്ങളെയും ബന്ധിപ്പിക്കുന്നു.
2022 ലെ ഫിഫ ലോകകപ്പ്, AFC ഏഷ്യൻ കപ്പ് എന്നിവയുൾപ്പെടെയുള്ള പ്രധാന ദേശീയ, അന്താരാഷ്ട്ര പരിപാടികളിൽ ഗതാഗതം സുഗമമാക്കുന്നതിൽ ലുസൈൽ ട്രാം നിർണായക പങ്ക് വഹിച്ചു. 2022 ഡിസംബർ 18 ന് ഫിഫ ലോകകപ്പ് ഫൈനൽ നടന്ന ദിവസം മാത്രം 33,000 യാത്രക്കാർ ട്രാം ഉപയോഗിച്ചു. ലോകത്തിലെ ഏറ്റവും മികച്ച സ്മാർട്ട് സിറ്റികളിലൊന്നായി ലുസൈൽ സിറ്റി അറിയപ്പെടുന്നു.
ദോഹ മെട്രോയുമായി ലെഗ്തൈഫിയ, ലുസൈൽ QNB സ്റ്റേഷനുകളിൽ ട്രാമിന് മികച്ച മൾട്ടിമോഡൽ കണക്റ്റിവിറ്റിയുണ്ട്. ഒറ്റ യാത്രാ കാർഡ് ഉപയോഗിച്ച് അധിക നിരക്കുകളില്ലാതെ യാത്രക്കാർക്ക് യാത്ര ചെയ്യാം. ലുസൈൽ സിറ്റിക്കായുള്ള പൂർണ്ണമായ പൊതുഗതാഗത പദ്ധതിയിൽ ഓറഞ്ച്, പിങ്ക്, പർപ്പിൾ, ടർക്കോയിസ് എന്നീ നാല് പ്രധാന ലൈനുകളും 25 സ്റ്റേഷനുകളും ഉൾപ്പെടുന്നു. മെട്രോയ്ക്കും ട്രാമിനും സൗജന്യ ഫീഡർ സർവീസുകൾ ഉൾപ്പെടെ അധിക ബസ് സർവീസുകൾ നൽകുന്നതിന് ഗതാഗത മന്ത്രാലയവുമായും മവാസലാത്തുമായും (കർവ) ഖത്തർ റെയിൽ സഹകരിക്കുന്നുണ്ട്.