ദുബായ്: രൂപയുടെ മൂല്യത്തകർച്ചയെ തുടർന്ന് കടം വാങ്ങിയും നാട്ടിലേക്ക് പണമയച്ച് പ്രവാസികൾ. ഒരു ദിർഹത്തിന് 23.91 രൂപ വരെയായി മൂല്യത്തകർച്ച ഉണ്ടായതോടെയാണ് പ്രവാസികൾ കഴിയും വിധം പണം ഒപ്പിച്ച് നാട്ടിലേക്ക് അയക്കുന്നത്. സർവ്വകാല റെക്കോർഡ് തിരുത്തുമെന്ന് തോന്നിക്കുന്ന തരത്തിലാണ് ഈ ദിവസങ്ങളിൽ രൂപയുടെ മൂല്യം ഇടിയുന്നത്.
ആഗോള വ്യാപരരംഗത്തുണ്ടായ അനിശ്ചിതാവസ്ഥ, രണ്ട് ബില്ല്യൺ ഡോളറോളം ഓഹരി വിപണിയിൽ നിന്നും പിൻവലിക്കപ്പെട്ടതും എണ്ണ വിലയിലുണ്ടായ വർധനയുമെല്ലാം രൂപയുടെ മൂല്യത്തകർച്ചയ്ക്ക് കാരണമായി. രൂപയുടെ മൂല്യം ഇടിയും തോറും നാട്ടിലേക്ക് പണംഅയക്കാൻ എത്തിയവരുടെ എണ്ണംകൂടിയെന്ന് അൽ അൻസാരി എക്സ്ചേഞ്ച് ജീവനക്കാരെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു.
2024-ൽ ഇന്ത്യയിലേക്ക് വിദേശത്തുള്ള പ്രവാസികളെല്ലാം ചേർന്ന് 129.4 ബില്യൺ ഡോളർ അയച്ചുവെന്നാണ് കണക്ക്. ഇതിൽ യുഎഇ 21.6 ബില്യൺ ഡോളർ (19.2%) സംഭാവന ചെയ്തു. യുഎസിന് പിന്നിൽ ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ പ്രവാസികൾ പണം അയക്കുന്ന രണ്ടാമത്തെ രാജ്യം യുഎഇയാണ്. അതേസമയം ആഗോളവാണിജ്യസാഹചര്യങ്ങൾ മാറുകയും രൂപയുടെ മൂല്യമിടിച്ചിൽ തടയാൻ ആർബിഐ നടപടികൾ എടുക്കുകയോ ചെയ്താൽ വിനിമയ നിരക്ക് വേഗത്തിൽ മാറാമെന്നാണ് വിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ്.