കൊച്ചി: യുഡിഎഫ് സർക്കാരിൻ്റെ കന്നി ബജറ്റിൽ സിനിമാ മേഖലയ്ക്ക് നൽകിയ പരിഗണനയിൽ നന്ദി അറിയിച്ചും മുഖ്യമന്ത്രി വിഡി സതീശനേയും സിനിമ മന്ത്രി പി.സി വിഷ്ണുനാഥിനേയും അഭിനന്ദിച്ചും നടൻ പൃഥ്വിരാജ് സുകുമാരൻ. മലയാള സിനിമയുടെ പിതാവായ ജെ.സി ഡാനിയേലിൻ്റെ പേരിൽ ഫിലിം സിറ്റി നിർമ്മിക്കാനും സിനിമയെ വ്യവസായമാക്കാനും ആൻ്റി പൈറസി സെൽ രൂപീകരിക്കാനുമുള്ള ബജറ്റ് പ്രഖ്യാപനങ്ങളെ പൃഥ്വിരാജ് സ്വാഗതം ചെയ്തു.
പൃഥ്വിരാജിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്
മലയാളസിനിമയുടെ സ്രഷ്ടാവ് എന്നുതന്നെ വിളിക്കാവുന്ന ശ്രീ.ജെ.സി.ഡാനിയേലിന്റെ പേരിൽ കൊച്ചിയിൽ ഫിലിംസിറ്റി സ്ഥാപിക്കുമെന്നും സിനിമയെ വ്യവസായമാക്കുമെന്നുമുള്ള സർക്കാരിന്റെ വാക്ക് ‘സെല്ലുലോയ്ഡി’നെ തൊട്ടുനില്കുന്ന ഒരാളെന്നെ നിലയിൽ സന്തോഷവും അഭിമാനവും ആത്മവിശ്വാസവും നല്കുന്നു. ആന്റി പൈറസി സെൽ രൂപവത്കരിക്കുമെന്ന പ്രഖ്യാപനമാണ് ശ്രദ്ധേയമായ മറ്റൊന്ന്. അത് സിനിമാമേഖലയ്ക്കൊരു രക്ഷാകവചമാകുമെന്ന് പ്രതീക്ഷിക്കാം. അന്താരാഷ്ട്രചലച്ചിത്രോത്സവത്തിന് സ്ഥിരം വേദിയെന്നതുൾപ്പെടെ സിനിമയ്ക്ക് നല്കിയ മറ്റ് സമ്മാനങ്ങളും വിലപ്പെട്ടതാണ്. സർക്കാരിനും മുഖ്യമന്ത്രി ശ്രീ.വി.ഡി.സതീശനും സിനിമാമന്ത്രി പി.സി.വിഷ്ണുനാഥിനും നന്ദി.


