ദോഹ: ഖത്തറിൽ വാഹന ഉടമസ്ഥാവകാശ കൈമാറ്റത്തിനുള്ള മെട്രാഷ് സേവനം കൂടുതൽ മെച്ചപ്പെടുത്തിയതായി മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. വാഹന ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യുന്ന പ്രക്രിയ സുരക്ഷിതമായും അതിവേഗത്തിലും നടപ്പാക്കുന്നതിന്റെ ഭാഗമായാണ് മെട്രാഷ് മൊബൈൽ ആപ്ലിക്കേഷനിൽ ഈ സൗകര്യം കൂടുതൽ മെച്ചപ്പെടുത്തിയത്.
ഏറ്റവും പുതിയ അപ്‌ഗ്രേഡിലൂടെ, വാഹനത്തിന് സാധുവായ രജിസ്ട്രേഷൻ ഉണ്ടായിരിക്കുകയും ഗതാഗത നിയമലംഘനങ്ങൾ ഒന്നും തന്നെ നിലനിൽക്കാതിരിക്കുകയും ചെയ്താൽ, ഉടമസ്ഥാവകാശം മെട്രാഷ് ആപ്പ് വഴി ഒരു തടസ്സവുമില്ലാതെ അതിവേഗം കൈമാറാൻ സാധിക്കും. വാഹന ഉടമസ്ഥാവകാശം കൈമാറുന്നവർ മെട്രാഷ് ആപ്പ് തുറന്ന് ഹോം പേജിലെ ട്രാഫിക് സർവീസസ് എന്ന കാറ്റഗറി തെരഞ്ഞെടുക്കണം. ഇതിനുശേഷം വെഹിക്കിൾസ് ഓപ്ഷൻ തെരഞ്ഞെടുത്ത് ഓണർഷിപ്പ് ട്രാൻസ്ഫറിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് ആവശ്യമായ വിവരങ്ങൾ നൽകി അപേക്ഷ സമർപ്പിക്കണം. ഈ സമയം വാങ്ങുന്നയാൾക്ക് അറിയിപ്പ് സന്ദേശമായി ലഭിക്കും.
തുടർന്ന് ആപ്പ് വഴി കൈമാറ്റം അംഗീകരിച്ചാൽ ഇടപാട് പൂർത്തിയാക്കാം. വാങ്ങുന്നയാൾ അനുമതി നൽകിയ ശേഷം, വില്പന നടത്തുന്നയാൾ നിയമപ്രകാരമുള്ള സേവന ഫീസ് അടക്കുന്നതോടെ നടപടിക്രമങ്ങൾ പൂർത്തിയാകും.