ഹമാസ് പ്രവർത്തകരെ ലക്ഷ്യമിട്ട് നടത്തിയ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ആറ് പേരുടെ സംസ്കാര ചടങ്ങുകൾ വ്യാഴാഴ്ച ദോഹയിൽ നടന്നു. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ഇമാം അബ്ദുൾ വഹാബ് പള്ളിയിൽ നടന്ന മയ്യിത്ത് പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി.
അഞ്ച് പലസ്തീനികളുടെ മൃതദേഹങ്ങളും പലസ്തീൻ പതാകയിൽ പൊതിഞ്ഞാണ് പ്രാർത്ഥനയ്ക്ക് എത്തിച്ചത്. കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥൻ കോർപ്പറൽ ബദർ സാദ് മുഹമ്മദ് അൽ-ഹുമൈദി അൽ ദോസാരിയുടെ മൃതദേഹത്തിൽ ഖത്തർ പതാകയാണ് പുതപ്പിച്ചത്.
ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾ വഹാബ് പള്ളിയിലെ ശവസംസ്കാരത്തിന് ശേഷം മിസൈമീർ ഖബർസ്ഥാനിൽഅടക്കം ചെയ്തുവെന്ന് ഖത്തർ അഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇസ്രയേൽ ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ പള്ളിയിലേക്കുള്ള പ്രവേശന റോഡുകളിൽ ചെക്ക്‌പോസ്റ്റുകൾ സ്ഥാപിച്ച് അധികൃതർ സുരക്ഷ ശക്തമാക്കിയിരുന്നു.
ചൊവ്വാഴ്ച, ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായേൽ ദോഹയിൽ ആക്രമണം നടത്തിയെങ്കിലും, തങ്ങളുടെ ഉന്നത ഉദ്യോഗസ്ഥർ രക്ഷപ്പെട്ടതായും അഞ്ച് അംഗങ്ങൾ മരിച്ചതായും ഹമാസ് വ്യക്തമാക്കിയിരുന്നു. ഉന്നത ചർച്ചയിലെ പ്രതിനിധി ഖലീൽ അൽ-ഹയ്യയുടെ മകൻ ഹുമാം, അദ്ദേഹത്തിന്റെ ഓഫീസ് ഡയറക്ടർ ജിഹാദ് ലബാദ്, അംഗരക്ഷകരായ അഹമ്മദ് മംലൂക്ക്, അബ്ദുള്ള അബ്ദുൽവാഹദ്, മുമെൻ ഹസ്സൗൺ എന്നിവരാണ് മരണപ്പെട്ടതെന്നാണ് ഹമാസ് വൃത്തങ്ങൾ പറയുന്നു.