യൂട്യൂബര്‍ തൊപ്പി പൊലീസ് കസ്റ്റഡിയില്‍. തൊപ്പി എന്നറിയപ്പെടുന്ന നിഹാലിനെ എറണാകുളത്ത് വെച്ചാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. പൊതു സ്ഥലത്ത് അശ്ലീല പരാമര്‍ശം നടത്തിയതിനും ഗതഗത തടസ്സം സൃഷ്ടിച്ചതിനുമാണ് കേസ്.
പുലര്‍ച്ചെ 12 മണിയോടെയാണ് തൊപ്പിയെ കസ്റ്റഡിയില്‍ എടുത്തത്. വാതില്‍ പൊളിച്ചാണ് തന്നെ കസ്റ്റഡിയില്‍ എടുത്തതെന്ന് വീഡിയോ പങ്കുവെച്ച് നിഹാല്‍ പറഞ്ഞു.നിഹാലിനെ പൊലീസ് വളാഞ്ചേരി സ്റ്റേഷനില്‍ എത്തിച്ചു. ലാപ്‌ടോപ് ഉള്‍പ്പെടെയുള്ള വസ്തുക്കളും കസ്റ്റഡിയില്‍ എടുത്തു.
ഉദ്ഘാടന പരിപാടി സംഘടിപ്പിച്ച കട ഉടമയ്ക്കെതിരെയും കേസെടുത്തിട്ടുണ്ട്. വളാഞ്ചേരി പാണ്ടികശാല സ്വദേശി സൈഫുദ്ദീന്‍ പാടത്ത് നല്‍കിയ പാരതിയിലാണ് കേസ്. ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന പരിപാടി സാമൂഹ്യ മാധ്യമങ്ങളിലും മറ്റു പല മേഖലകളിലും വലിയ രീതിയില്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. തൊപ്പിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.
ജൂണ്‍ 17നായിരുന്നു ഉദ്ഘാടന പരിപാടി നടന്നത്. ഉദ്ഘാടനത്തിനെത്തിയ ‘തൊപ്പി’ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ വഴിതെറ്റിക്കുന്ന രീതിയില്‍ അശ്ലീല പദപ്രയോഗങ്ങളും മറ്റും നടത്തി സമൂഹത്തില്‍ അരാജകത്വം വളര്‍ത്താന്‍ ശ്രമിച്ചുവെന്നാണ് പൊലീസിന് ലഭിച്ച പരാതിയില്‍ പറയുന്നത്. സംഭവത്തിന് കാരണമായ വീഡിയോ വൈറല്‍ ആയതോടെ സമൂഹ മാധ്യമങ്ങളില്‍ വളാഞ്ചേരി പ്രദേശത്തെ മൊത്തമായും മോശക്കാരായി ചിത്രീകരിച്ച് ചര്‍ച്ച നടക്കുന്നുവെന്നും പരാതിക്കാരന്‍ ആരോപിച്ചു.