പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ മുന്നില്‍ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളുടെ പ്രതിഷേധം തടയാന്‍ കേന്ദ്ര സര്‍ക്കാര്‍. ജന്തര്‍ മന്ദറില്‍ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങളുടെ മാര്‍ച്ച് തടയാന്‍ വന്‍ സന്നാഹത്തെയാണ് ഏര്‍പ്പാടാക്കിയിരിക്കുന്നത്.
അതേസമയം ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി എത്തിയ സിപിഐ നേതാവ് ആനീ രാജ ഉള്‍പ്പെടെയുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇവരെ വിട്ടയക്കണമെന്ന് ഗുസ്തി താരങ്ങള്‍ ഉന്നയിച്ച ശേഷം പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വലിയ പൊലീസ് സന്നാഹത്തെ ജന്തര്‍ മന്തറില്‍ വിന്യസിച്ചത്.
ഗുസ്തി താരങ്ങള്‍ക്ക്് പിന്തുണയുമായി കര്‍ഷക സംഘടനയായ പഞ്ചാബ് കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി പ്രവര്‍ത്തകരെ അംബാല അതിര്‍ത്തിയില്‍ പൊലീസ് തടഞ്ഞു. അതിര്‍ത്തികളിലും പൊലീസ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് ഗുര്‍ണം സിംഗ് ചരുണ ഉള്‍പ്പെടെ നിരവധി കര്‍ഷക നേതാക്കളെയും പൊലീസ് അറസ്റ്റു ചെയ്തു.
അതേസമയം എന്ത് വിലകൊടുത്തും മഹിളാ സമ്മാന്‍ പഞ്ചായത്ത് സംഘടിപ്പിക്കുമെന്നും ഗുസ്തി താരം വിനേഷ് ഫോഗട്ട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എന്നാല്‍ പാര്‍ലമെന്റ് മന്ദിരത്തിന് സമീപത്തേക്ക് പ്രവേശിക്കാന്‍ പ്രതിഷേധക്കാരെ അനുവദിക്കില്ലെന്ന പൊലീസ് അറിയിച്ചു. പുതിയ പാര്‍ലമെന്റ് ഉദ്ഘാടനം നടന്ന ദിവസമായതിനാല്‍ ഡല്‍ഹിയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ബിജെപി എംപിയും ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ തലവനുമായ ബ്രിജ് ഭൂഷനെതിരെ ഉന്നയിച്ച ലൈംഗികാതിക്രമണ പരാതിക്ക് പിന്നാലെയാണ് ഗുസ്തി താരങ്ങള്‍ പ്രതിഷേധം ആരംഭിച്ചത്. ബ്രിജ് ഭൂഷനെതിരെ നടപടി ആവശ്യപ്പെട്ട് ദിവസങ്ങളായി താരങ്ങള്‍ തെരുവില്‍ സമരം ചെയ്യുകയാണ്.