ബിജെപി എം എൽ എ യും ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ മുൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷൺ സിങ്ങിനെതിരെയുള്ള ലൈംഗികാരോപണത്തിൽ നടപടി ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾ കേന്ദ്രമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി.
ഞായറാഴ്ച രാത്രി 11 മണിക്ക് അമിത് ഷായുടെ ഡൽഹിയിലെ വസതിയിൽ വച്ച് നടന്ന ചർച്ച രണ്ട് മണിക്കൂറോളം നീണ്ടുനിന്നു. ഗുസ്തി താരങ്ങളായ സാക്ഷി മാലിക്, ബജ്‌രംഗ് പൂനിയ, വിനേഷ് ഫോഗാട്ട് ,സംഗീത ഫോഗാട്ട് എന്നിവരാണ് കേന്ദ്രമന്ത്രിയുമായി ചർച്ചയിലേർപ്പെട്ടത്. ബ്രിജ് ഭൂഷണെതിരെ ശക്തമായ നടപടി വേണമെന്നായിരുന്നു ഗുസ്തി താരങ്ങളുടെ ആവശ്യം. എന്നാൽ നിയമം അതിന്റെ വഴിക്ക് നടക്കുമെന്നും , നിയമം എല്ലാവർക്കും ബാധകമാണെന്നും അമിത് ഷാ താരങ്ങളോട് പറഞ്ഞതായാണ് പുറത്ത് വരുന്ന വിവരങ്ങൾ.
ബ്രിജ് ഭൂഷണെതിരെ നടപടി ആവശ്യപ്പെട്ട് സമരത്തിലേർപ്പെട്ട ഗുസ്തി താരങ്ങൾ നൽകിയ അന്ത്യ ശാസനം ഞായറാഴ്ച അവസാനിച്ചതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുമായുള്ള ചർച്ച നടന്നത്. പരാതി നൽകിയിട്ടും തുടർനടപടികൾ ഒന്നും തന്നെ ഇല്ലാത്തതിൽ പ്രതിഷേധിച്ച് താരങ്ങൾ തങ്ങൾക്ക് ലഭിച്ച മെഡലുകൾ ഗംഗാ നദിയിൽ ഒഴുക്കാൻ തീരുമാനിച്ചിരുന്നു. പിന്നീട് കർഷക നേതാക്കൾ ഇടപെട്ടതിനെ തുടർന്ന് ഗുസ്തി താരങ്ങൾ പിന്തിരിയുകയായിരുന്നു. അഞ്ചു ദിവസത്തിനകം നടപടി വേണമെന്ന് കേന്ദ്രത്തിന് സമര നേതാക്കൾ അന്ത്യ ശാസനവും നൽകി.
ലൈംഗികാരോപണത്തിൽ നടപടി ആവശ്യപ്പെട്ട് ഏപ്രിൽ 21 മുതൽ ഗുസ്തി താരങ്ങൾ സമരം ചെയ്യുകയാണ്. ആരോപണ വിധേയർക്കെതിരെ നിഷ്പക്ഷമായ രീതിയിൽ അന്വേഷണം നടത്തണമെന്നും 45 ദിവസത്തിനകം തെരെഞ്ഞെടുപ്പ് നടത്തിയില്ലെങ്കിൽ ഇന്ത്യയെ സസ്‌പെൻഡ് ചെയ്യുമെന്നും അന്താരാഷ്ട്ര റെസ്ലിങ് ഫെഡറേഷൻ ഇന്ത്യയ്ക്ക് താക്കീത് നൽകുകയും ചെയ്തിരുന്നു.