ലോകത്തിലെ ഏറ്റവും വലിയ സമൂഹ നോമ്പുതുറ നടക്കുന്നത് മക്കയിൽ. പ്രതിദിനം പത്ത് ലക്ഷത്തിലധികം പേരാണ് ഇവിടെ എത്തുന്നത്. റമദാനിൽ തീർഥാടക പ്രവാഹത്താൽ വീർപ്പു മുട്ടുകയാണ് മക്കയെന്ന് മന്ത്രാലയം അറിയിച്ചു. ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നും എത്തുന്ന വിശ്വാസികളുടെ വലിയ ആഗ്രഹം കൂടിയാണ് ഹറമിൽനിന്നും നോമ്പുതുറക്കുക എന്നത്. ഈത്തപ്പഴവും സംസം വെള്ളവും ചെറിയ സ്‌നാക്‌സും മാത്രമാണ് ഇവിടെ നോമ്പുതുറക്കുന്നതിനുള്ള വിഭവങ്ങൾ. എന്നാൽ വിശ്വാസികളുടെ വിശപ്പടക്കാൻ ഇതു ധാരാളമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.
സൗദിയിലെ വിവിധ സ്ഥാപനങ്ങളും വ്യക്തികളുമാണ് ഹറമിലെ നോമ്പു തുറ സ്‌പോൺസർ ചെയ്യുന്നത്. സന്ധ്യാ നേരത്തെ നമസ്‌കാരം കഴിഞ്ഞാൽ ഹറമിന്റെ മുറ്റം ജന നിബിഢമാകും. മക്കയിലെ തെരുവുകളിലും ജനങ്ങളുടെ വൻ തിരക്ക് അനുഭവപ്പെടും. രാത്രി നമസ്‌കാരങ്ങൾ പൂർത്തിയാക്കിയതിന് ശേഷമേ വിശ്വാസികൾ ഇവിടെ നിന്നും മടങ്ങൂ. അതേസമയം റമദാൻ അവസാന ദിവസങ്ങളിലേക്ക് അടുക്കുന്തോറും ഹറമിലെ തിരക്ക് വൻതോതിൽ വർധിക്കുമെന്ന് അധികൃതർ അറിയിച്ചു. ഏറ്റവും അവസാന ദിവസങ്ങളിൽ 25 ലക്ഷത്തിലേറെ പേർ ഹറമിലെത്തുമെന്നാണ് കരുതുന്നതെന്നും ഔദ്യോഗിക വൃത്തങ്ങൾ കൂട്ടിച്ചേർത്തു.





