കെഎസ്ആർടിസി സ്വിഫ്റ്റ് ബസുകളിൽ ഇനി വനിതാ ഡ്രൈവർമാരും. തെരഞ്ഞെടുത്ത വനിതാ ഡ്രൈവർമാർക്കുള്ള പരിശീലനം അവസാനഘട്ടത്തിലാണ്. നാല് പേരാണ് ആദ്യവനിതാ ഡ്രൈവർ ബാച്ചിലുള്ളത്.
തിരുവനന്തപുരം സ്വദേശി അനില, തൃശ്ശൂർ സ്വദേശികളായ ജിസ്ന ജോയി, ശ്രീക്കുട്ടി, നിലമ്പൂർ സ്വദേശിനി ഷീന എന്നിവരാണ് ആദ്യഘട്ടത്തിൽ സ്വിഫ്റ്റിലേക്ക് ബസ്സോടിക്കാൻ എത്തുന്നത്. ഇവർക്കായുള്ള പരിശീലനം തിരുവനന്തപുരത്ത് തുടരുകയാണ്. അടുത്ത ദിവസങ്ങളിൽ പരിശീലനം പൂർത്തിയാക്കി ഇവർ ഈ മാസം അവസാനത്തോടെ കെഎസ്ആർടിസി സ്വിഫ്റ്റ് ബസുകളുടെ ഡ്രൈവിംഗ് സീറ്റിൽ വനിതകളെത്തും. കെഎസ്ആർടിസിയിലെ ഒരേയൊരു വനിതാ ഡ്രൈവറായ വി.പി ഷീലയും മോഹനനും ചേർന്നാണ് നാലംഗ സംഘത്തിന് പരിശീലനം നൽകുന്നത്.
അതേസമയം ദീർഘദൂര യാത്രക്കാരെ ലക്ഷ്യമിട്ട് കെഎസ്ആർടിസി സ്വിഫ്റ്റിൻ്റെ സ്ലീപ്പർ കം സീറ്റർ ബസുകൾ ഉടനെ നിരത്തിലറങ്ങും. രണ്ട് ബസുകളാണ് ആദ്യഘട്ടത്തിൽ സർവ്വീസ് നടത്തുക. 25 സെമി സ്ലീപ്പർ സീറ്റുകളും 15 ബർത്തുകളുമാണ് ഈ ബസ്സിലുണ്ടാവുക. സിറ്റിംഗ് സീറ്റുകളേക്കാൾ 25 ശതമാനം അധികമായിരിക്കും ബർത്തിന്. രാത്രികാല സർവ്വീസുകൾക്ക് ഉപയോഗിക്കുന്ന ഈ ബസ്സുകളിലെ ടിക്കറ്റ് നിരക്ക് വോൾവോ ബസിനേക്കാൾ കുറവായിരിക്കും. ഗജരാജ എസി സ്ലീപ്പർ, ഗരുഡ എസി സീറ്റർ, നോണ് എസി ഡീലക്സ്, സൂപ്പർ ഫാസ്റ്റുകൾ, സിറ്റി സർക്കുലർ ബസുകളാണ് നിലവിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ഓടിക്കുന്നത്.