കൊച്ചി: കേരളം ഉറ്റുനോക്കുന്ന നടിയെ ആക്രമിച്ച കേസിൽ അൽപ്പസമയത്തിനകം വിധി വരും. 11 മണിയോടെ കോടതി നടപടികൾ ആരംഭിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസാണ് വിധി പ്രസ്താവിക്കുക.
കോടതിക്ക് അടുത്തുള്ള തൻ്റെ അഭിഭാഷകൻ ബി.രാമൻപിള്ളയുടെ ഓഫീസിലാണ് ദിലീപ് ആദ്യം എത്തിയത്. അവിടെ നിന്നും അഭിഭാഷകർക്കൊപ്പം കോടതിയിലേക്ക് എത്തി. മാധ്യമങ്ങൾ പ്രതികരണം തേടിയെങ്കിലും ദിലീപ് ഒന്നും പറഞ്ഞില്ല. അതിജീവിതയുടെ അഭിഭാഷക ടിബി മിനിയും കോടതിയിലെത്തി. ദിലീപിനെ കൂടാതെ പൾസർ സുനിയടക്കം കേസിലെ പത്ത് പ്രതികളും കോടതിയിൽ എത്തിയിട്ടുണ്ട്. പ്രോസിക്യൂട്ടർ അടക്കമുള്ള അഭിഭാഷകരും കോടതിക്കുള്ളിലെത്തി. കുപ്രസിദ്ധമായ കേസിൽ വൻജനാവലിയാണ് കോടതി പരിസരത്ത് വിധി പ്രസ്താവം കേൾക്കാൻ തടിച്ചു കൂട്ടിയിട്ടുള്ളത്. പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ച ചാർലി തോമസും കേസിലെ പ്രതിയായ വടിവാൾ സലീം എന്ന സലീമും കോടതിയിലെത്തി.
കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനിയടക്കം ആറു പ്രതികൾക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിട്ടുള്ളത്. ആറു വർഷം നീണ്ട വിചാരണ പൂർത്തിയാക്കിയാണ് കേസിൽ ഇന്ന് വിധി വരുന്നത്. കേസിലെ മുഖ്യ ആസൂത്രകൻ ദിലീപ് ആണെന്നാണ് പ്രോസിക്യൂഷൻ വാദം. എട്ടാം പ്രതിയായ ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു.




