ദില്ലി: പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ച് ഒരാഴ്ച ആകുമ്പോൾ ഗൾഫ് വ്യോമമേഖല ഭാഗികമായി തുറന്ന നിലയിൽ. ഇറാൻ്റെ വ്യോമപാത ഇപ്പോഴും അടച്ചെങ്കിലും, ഒമാനിൽ വ്യോമഗതാഗതം സജീവമാണ്. ഇന്നും ഇന്നലെയുമായി യുഎഇയും കൂടുതൽ സർവ്വീസുകൾ ആരംഭിച്ചു.
ദുബായിൽ നിന്നും റാസ് അൽ ഖൈമയിൽ നിന്നും വിമാനങ്ങൾ അധിക സർവ്വീസുകൾ നടത്തും. കോഴിക്കോട്, ബെംഗളൂരു, കൊച്ചി, മുംബൈ, ദില്ലി ഉൾപ്പടെ ഉള്ള സ്ഥലങ്ങളിൽ നിന്ന് ഇന്ന് സർവീസുകൾ ഉണ്ട്. മസ്ക്കറ്റിലേക്കും തിരിച്ചും കൂടുതൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ സര്‍വീസ് നടത്തും.
ഇത്തിഹാദ് എയർവേഴ്സ് കൊച്ചി,കോഴിക്കോട്, തിരുവനന്തപുരം അടക്കം കൂടുതൽ നഗരങ്ങളിലേക്ക് ഇന്ന് മുതൽ സർവ്വീസ് ആരംഭിക്കും. എമിറേറ്റ്സും ഫ്ളൈ നാസും, എയർ അറേബ്യയും സർവ്വീസുകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്.
ഗൾഫ് മേഖലയിലെ ഈ മാസം 11 വരെയുള്ള എല്ലാ സിബിഎസ്ഇ പരീക്ഷകളും മാറ്റിവെച്ചിരിക്കുകയാണ്. പന്ത്രണ്ടാം ക്ലാസിൽ നാളെ നടക്കാനിരിക്കുന്ന പരീക്ഷയും മാറ്റിയിട്ടുണ്ട്. അതിനിടെ, ഇറാന്‍റെ പ്രത്യാക്രമണ ശേഷി കുറഞ്ഞുവെന്ന അമേരിക്കൻ വാദത്തിനിടെ ബഹ്റൈനിൽ ഇറാൻ ആക്രമണം നടത്തി. മനാമയിലെ ഒരു ഹോട്ടലും രണ്ട് അപ്പാർട്ട്മെന്‍റുകളും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്. സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.




