കാത്തിരുന്ന വന്ദേഭാരത് അപ്രതീക്ഷിതമായി കിട്ടിയതിന്‍റെ ഞെട്ടലിലാണ് മലയാളികൾ. സംസ്ഥാന സർക്കാരിന് ഔദ്യോഗിക അറിയിപ്പ് നൽകാതെ തിടുക്കപ്പെട്ട് വന്ദേഭാരത് വന്നതിൽ അസ്വാഭാവികതയില്ലേ എന്നാണ് ഡിവൈഎഫ്ഐയുടെ പക്ഷം. അതേസമയം പാലക്കാട് മുതൽ വൻ സ്വീകരണം നൽകി വിഷുക്കൈനീട്ടമായി ബിജെപിയും വന്ദേഭാരതിനെ ഏറ്റെടുത്തിട്ടുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരളത്തിലൂടെ വന്ദേഭാരത് ട്രെയിൻ ചീറിപ്പായുന്നത് ബിജെപിയുടെ വോട്ടുബാങ്കിന് കരുത്ത് പകരുമെന്നാണ് കേന്ദ്രത്തിന്‍റയും കേരള ബിജെപിയുടെയും പ്രതീക്ഷ. ട്രെയിൻ എത്തുന്നത് സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും ബിജെപിയുടെ വോട്ടുബാങ്കിലെ കണ്ണ് വേരോടെ അറത്തുമാറ്റുന്ന തരത്തിലാണ് ഇടത് വലത് മുന്നണികളുടെ പ്രചാരണം
കെ-റെയിലിൽ പച്ചക്കൊടി കാട്ടാത്ത കേന്ദ്രത്തെ വികസന വിരോധികളായി മുദ്രകുത്തിയ കേരളത്തെ വന്ദേഭാരതിലൂടെ പ്രതിരോധിക്കാമെന്നാണ് ബിജെപി വൃത്തങ്ങളുടെ പ്രതീക്ഷ.അതേ സമയം കേരളത്തിന് അർഹതപ്പെട്ട വന്ദേഭാരത് ട്രെയിൻ അനുവദിച്ചത് ബിജെപി വലിയ നേട്ടമായി ഉയർത്തിക്കാട്ടുന്നതിനെതിരെ മറ്റ് മുന്നണികളുടെ ഭാഗത്ത് നിന്ന് പരക്കെ വിമർശനം ഉയരുകയാണ്.