ലോകത്തിന്‍റെ ഊർജലഭ്യതക്കുറവ് പരിഹരിക്കുന്നതിന് അതിനിർണായകമായ ശാസ്ത്ര നേട്ടവുമായി യു.എസ് ഗവേഷകർ. കാലിഫോർണിയയിലെ ലോറന്‍സ് ലിവര്‍മോര്‍ നാഷണല്‍ ലബോറട്ടറിയിലെ ശാസ്ത്രജ്ഞരാണ് ന്യൂക്ലിയർ ഫ്യൂഷനിലൂടെ ആദ്യമായി ഉർജോൽപാദനം സാധ്യമാക്കിയിരിക്കുന്നത്. യു.എസ് ഡിപാർട്ട്മെന്‍റ് ഓഫ് എനർജി സെക്രട്ടറി ജെന്നിഫർ ഗ്രാൻഹോം ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ചൊവ്വാഴ്ച നടത്തുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ന്യൂക്ലിയർ ഫിഷൻ (അണുവിഘടനം) പ്രക്രിയയിലൂടെയാണ് നിലവിലെ ആണവ റിയാക്ടറുകളിൽ ഊർജം ഉൽപാദിപ്പിക്കുന്നത്. ഒരു അണുവിനെ വിഘടിപ്പിച്ച് ഊർജം സ്വതന്ത്രമാക്കുന്ന രീതിയാണിത്. സൂര്യനിൽ ഉർജോൽപാദനം നടക്കുന്ന രീതിയെയാണ് ന്യൂക്ലിയർ ഫ്യൂഷൻ എന്ന് പറയുന്നത്. ഒന്നിലേറെ അണുകേന്ദ്രങ്ങൾ കൂടിച്ചേരുന്ന ഈ പ്രക്രിയയിലും വൻതോതിൽ ഊർജം സ്വതന്ത്രമാകും. ഇത്തരത്തിലുള്ള ഊർജത്തെ ഉപയോഗപ്പെടുത്താനുള്ള ഗവേഷണങ്ങളാണ് ഗവേഷകർ നടത്തിക്കൊണ്ടിരിക്കുന്നത്.
അതേസമയം ന്യൂക്ലിയർ ഫ്യൂഷനിലൂടെ ഏറെക്കാലം നീണ്ടുനിൽക്കുന്ന റേഡിയോ ആക്ടീവതയുള്ള മാലിന്യങ്ങൾ ഉണ്ടാകുന്നില്ലെന്നത് ഏറ്റവും വലിയ പ്രത്യേകതയാണ്. ‘ക്ലീൻ എനർജി’ എന്നാണ് ഇതിനെ വിശേഷിപ്പിക്കുക. ഭാവിയിൽ ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കാനുള്ള സാധ്യതയാണ് ഇതിലൂടെ തെളിയുന്നതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ പുതിയ കണ്ടുപിടിത്തത്തെ ഊർജാവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന രീതിയിൽ വികസിപ്പിച്ചെടുക്കാൻ വർഷങ്ങളെടുക്കുമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. യൂറോപ്യൻ രാജ്യങ്ങളും ചൈനയും ഈ മേഖലയിൽ സജീവമാണ്.