യുഎസിൽ തടസ്സപ്പെട്ട വിമാന സർവീസുകൾ വീണ്ടും തുടങ്ങി. ഇന്നലെ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ്റെ സംവിധാനത്തിൽ വന്ന സാങ്കേതിക തകരാർ പരിഹരിച്ചതായും സർവീസുകൾ സാധാരണനിലയിലേക്കു മടങ്ങിയതായും അധികൃതർ അറിയിച്ചു. കംപ്യൂട്ടർ സംവിധാനം തകരാറിലായതോടെയാണ് യുഎസിലെ വ്യോമയാന മേഖല സ്തംഭിച്ചിരുന്നു.
സാങ്കേതിക തകരാർ മൂലം ഇതുവരെ 9500 വിമാനങ്ങള്‍ വൈകുകയും 1300ൽ പരം സർവീസുകൾ റദ്ദാക്കുകയും ചെയ്തതായി വിമാന ട്രാക്കിങ് വെബ്സൈറ്റായ ഫ്ലൈറ്റ്അവേർ അറിയിച്ചു.
യുഎസ് സമയം ബുധനാഴ്ച പുലർച്ചെ 2മണിയോടെയാണ് പൈലറ്റുമാർക്കു സുരക്ഷാ മുന്നറിയിപ്പുകൾ നൽകുന്ന കേന്ദ്രീകൃത സംവിധാനം തകരാറിലായത്. സുരക്ഷാപ്രശ്നം കണക്കിലെടുത്ത് എല്ലാ ആഭ്യന്തര വിമാനങ്ങളും സർവീസ് നിർത്തിവയ്ക്കാൻ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) ഉത്തരവിടുകയായിരുന്നു.
പുതിയ പ്രശ്നങ്ങൾ ഒന്നുമില്ലെങ്കിൽ വ്യാഴാഴ്ച വിമാന സർവീസുകൾ പുനഃസ്ഥാപിക്കുമെന്ന് അധികൃതർ പറയുന്നു. അതേസമയം, സൈബർ ആക്രമണം ആണെന്ന് ഇതുവരെ തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. വിശദമായ അന്വേഷണത്തിന് ഗതാഗത വിഭാഗത്തിന് പ്രസിഡന്റ് ജോ ബൈഡൻ നിർദേശം നൽകിയെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ പിയെറി വാർത്താസമ്മേളനത്തിൽ അറിയിച്ചു. എന്നാൽ സാങ്കേതിക തകരാറിൻ്റെ കാരണം ഇതുവരെയും വ്യക്തമല്ല.