ദില്ലി: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം തീരുവ ഏർപ്പെടുത്തിയതിനെത്തുടർന്ന് വാൾമാർട്ട്, ആമസോൺ, ടാർഗെറ്റ്, ഗ്യാപ് എന്നിവയുൾപ്പെടെയുള്ള പ്രമുഖ യുഎസ് റീട്ടെയിലർമാർ ഇന്ത്യയിൽ നിന്നുള്ള ഓർഡറുകൾ നിർത്തിവച്ചതായി റിപ്പോർട്ട്.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വസ്ത്രങ്ങളുടെയും തുണിത്തരങ്ങളുടെയും കയറ്റുമതി താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് ഇന്ത്യൻ ഉൽപാദകർക്ക് കത്തുകളും ഇമെയിലുകളും ലഭിച്ചുവെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. വാങ്ങുന്നവർ നികുതി ഭാരം പങ്കിടാൻ തയ്യാറല്ലെന്നും കയറ്റുമതിക്കാർ ചെലവ് വഹിക്കണമെന്നുമാണ് യുഎസ് കമ്പനികളുടെ താൽപര്യം. ആഗ്രഹിക്കുന്നുവെന്നും വൃത്തങ്ങൾ പറഞ്ഞു.
ഉയർന്ന താരിഫുകൾ കാരണം 30 ശതമാനം മുതൽ 35 ശതമാനം വരെ ചെലവ് വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് യുഎസിലേക്കുള്ള ഓർഡറുകളിൽ 40 ശതമാനം മുതൽ 50 ശതമാനം വരെ കുറവുണ്ടാക്കുകയും ഏകദേശം 4-5 ബില്യൺ ഡോളർ നഷ്ടമുണ്ടാക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ. വെൽസ്പൺ ലിവിംഗ്, ഗോകൽദാസ് എക്സ്പോർട്ട്സ്, ഇൻഡോ കൗണ്ട്, ട്രൈഡന്റ് തുടങ്ങിയ പ്രധാന കയറ്റുമതിക്കാരാണ് യുഎസിലെ വിൽപ്പനയുടെ 40 ശതമാനം മുതൽ 70 ശതമാനം വരെ കൈയാളുന്നത് ,ഇന്ത്യയുടെ തുണിത്തരങ്ങളുടെയും വസ്ത്രങ്ങളുടെയും ഏറ്റവും വലിയ കയറ്റുമതി കേന്ദ്രമാണ് അമേരിക്ക.
2025 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ 36.61 ബില്യൺ ഡോളർ മൂല്യമുള്ള മൊത്തം തുണിത്തരങ്ങളുടെയും വസ്ത്രങ്ങളുടെയും കയറ്റുമതിയുടെ 28 ശതമാനവും അമേരിക്കയിലേക്കായിരുന്നു. ലോകത്തിലെ ആറാമത്തെ വലിയ തുണിത്തരങ്ങളുടെയും വസ്ത്രങ്ങളുടെയും കയറ്റുമതിക്കാരായ ഇന്ത്യക്ക് നികുതി ഭാരം വൻ നഷ്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. ഈ രംഗത്തെ ഇന്ത്യയുടെ എതിരാളികളായ ബംഗ്ലാദേശിനും വിയറ്റ്നാമിനും 20 ശതമാനമാണ് നികുതി. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് പിഴയായി ഡൊണാൾഡ് ട്രംപ് ഇന്ത്യയ്ക്ക് മേൽ 50 ശതമാനം തീരുവ ചുമത്തിയിരുന്നു. യുഎസ് തീരുവകൾ അന്യായവും യുക്തിരഹിതവുമാണെന്ന് ഇന്ത്യ വ്യക്തമാക്കി.