ഏക സിവില്‍കോഡിനെതിരെ സിപിഐഎം കോഴിക്കോട് സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കുമെന്ന് അറിയിച്ച് മുജാഹിദ് വിഭാഗവും. കേരള നദ്വത്തുല്‍ മുജാഹിദ്ദീന്‍ (കെ.എന്‍.എം) സംസ്ഥാന പ്രസിഡന്റ് അബ്ദുള്ളക്കോയ മദനിയാണ് സെമിനാറില്‍ പങ്കെടുക്കുമെന്ന് അറിയിച്ചത്.
സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ നേരിട്ടെത്തിയാണ് മദനിയെ സെമിനാറിലെക്ക് ക്ഷണിച്ചത്. സമൂഹത്തെ മുഴുവന്‍ ബാധിക്കുന്ന പ്രശ്‌നമായതുകൊണ്ടാണ് ക്ഷണം സ്വീകരിക്കുന്നതെന്നും വിട്ടുനില്‍ക്കാനുള്ള ലീഗിന്റെ തീരുമാനം രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ തെറ്റില്ലെന്നും അബ്ദുള്ളക്കോയ മദനി പറഞ്ഞു.
നേരത്തെ ഇ.കെ വിഭാഗത്തിന് പുറമെ സമസ്തയും സിപിഐഎം സെമിനാറില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുജാഹിദ് വിഭാഗവും സെമിനാറില്‍ പങ്കെടുക്കുമെന്ന് അറിയിച്ചത്. എന്നാല്‍ സെമിനാറില്‍ നിന്ന് വിട്ട് നില്‍ക്കുമെന്ന് ലീഗ് വ്യക്തമാക്കുകയായിരുന്നു. മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കിയിരുന്നു. സെമിനാറില്‍ സമസ്ത പങ്കെടുക്കുന്നതില്‍ തെറ്റില്ലെന്നും ആ സംഘടനയ്ക്ക് അതിനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നുമായിരുന്നു അദ്ദേഹം വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞത്.