യു.കെയിൽ പഠനവിസകൾക്ക് കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിനായുള്ള നീക്കം നടക്കുന്നതായി റിപ്പോർട്ട്. ഇന്ത്യക്കാർ അടക്കമുള്ള ലക്ഷക്കണക്കിനുപേർക്ക് ഈ നീക്കം ഭീഷണിയാണെന്നാണ് വിലയിരുത്തുന്നത്. പഠനശേഷമുള്ള താമസ കാലയളവ് കുറയ്ക്കുക, കുടുംബ വിസക്ക് നിയന്ത്രണം ഏർപ്പെടുത്തുക തുടങ്ങിയ നടപടികൾ ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നുണ്ടെന്നാണ് സൂചന.ബ്രിട്ടീഷ് മാധ്യമം ‘ദ ടൈംസ്’ റിപ്പോർട്ട് ചെയ്തു. ഇത് സംബന്ധിച്ച കാര്യങ്ങൾ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി സുവെല്ല ബ്രാവർമാനും വിദ്യാഭ്യാസ വകുപ്പും തമ്മിൽ ചർച്ചകൾ നടക്കുകയാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ബിരുദ പഠനത്തിന് ശേഷം പഠനവിസയിൽ യു കെ യിൽ എത്തുന്നവർക്ക് തുടർപഠനത്തിനുശേഷം രണ്ടുവർഷംകൂടി അവിടെ തുടരാനുള്ള അവസരമുണ്ട്. കൂടാതെ വിദ്യാഭ്യാസ ഫീസ് അടക്കമുള്ള ചെലവുകൾക്ക് ആവശ്യമായ പണം രണ്ടുവർഷം ജോലി ചെയ്ത് ഉണ്ടാക്കാനുള്ള സാഹചര്യങ്ങളുമുണ്ട്. ഈ സാധ്യതയെയാണ് കുറക്കാൻ നീക്കം നടക്കുന്നത്.
അതേസമയം പിഎച്ച് ഡി പോലുള്ള ബിരുദാനന്തര ഗവേഷണ അധിഷ്ഠിത കോഴ്സുകൾ ചെയ്യാൻ ആഗ്രഹിക്കുന്ന വിദേശ വിദ്യാർഥികൾ കുറഞ്ഞത് രണ്ട് വർഷമെങ്കിലും ദൈർഘ്യമുള്ള ബിരുദാനന്തര കോഴ്സുകൾ തെരഞ്ഞെടുക്കണം. അങ്ങനെയാണെങ്കിൽ മാത്രമേ കുടുംബാംഗങ്ങളെയും കൂടെ കൊണ്ടുവരാൻ അനുവദിക്കൂവെന്നതാണ് മറ്റൊരു പരിഷ്‍കാരം. ഇന്ത്യൻ വംശജയായ ആഭ്യന്തര സെക്രട്ടറി ഗ്രാജ്വേറ്റ് വിസ പരിഷ്കരിക്കാൻ പദ്ധതി തയാറാക്കിയതായാണ് റിപ്പോർട്ട്.
ഈ നിയമം നടപ്പിലായാൽ വിദ്യാർഥികൾ വൈദഗ്ധ്യമുള്ള ജോലി നേടുകയും തൊഴിൽവിസ നേടുകയും ചെയ്യണം. അല്ലെങ്കിൽ ആറുമാസത്തിനുശേഷം യു കെ വിടേണ്ടി വരും. എന്നാൽ ഇത് അന്താരാഷ്ട്ര വിദ്യാർഥികൾക്ക് യു കെ യോടുള്ള ആകർഷണീയത കുറയ്ക്കുമെന്ന ഭയത്തിലാണ് യു കെ വിദ്യാഭ്യാസ വകുപ്പ് (ഡി.എഫ്.ഇ). അതുകൊണ്ട് തന്നെ ഈ പരിഷ്കാരത്തെ അവർ എതിർക്കുന്നതായാണ് സൂചന. 2021 ജൂലൈയിൽ അവതരിപ്പിച്ച പുതിയ ഗ്രാജ്വേറ്റ് വിസ നേടുന്നതിൽ ഇന്ത്യക്കാരാണ് 41 ശതമാനത്തോളം ആധിപത്യം നേടിയത്.
അതേസമയം യു കെയിലേക്ക് വരുന്ന വിദേശ വിദ്യാർഥികളുടെ എണ്ണം കുറയ്ക്കാനുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ ആഭ്യന്തര, വിദ്യാഭ്യാസ വകുപ്പുകളോട് പ്രധാനമന്ത്രി ഋഷി സുനക് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ബ്രാവർമാൻ പുതിയ പദ്ധതി അവതരിപ്പിച്ചത്. യു കെയിൽ 6.80 ലക്ഷം വിദേശ വിദ്യാർഥികളുണ്ടെന്ന് കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച കണക്കുകൾ പറയുന്നു.