തമിഴ്‌നാട് ബിജെപി പ്രസിഡന്റ് കെ അണ്ണാമലൈക്ക് വക്കീല്‍ നോട്ടീസ് അയച്ച് തമിഴ്‌നാട് കായിക മന്ത്രി ഉദയനിധി സ്റ്റാലിന്‍. തനിക്കെതിരായി അണ്ണാമലൈ ഉന്നയിച്ച അഴിമതി ആരോപണങ്ങള്‍ 48 മണിക്കൂറിനകം പിന്‍വലിച്ച് മാപ്പ് പറയണം, 50 കോടി നഷ്ടപരിഹാരം നല്‍കണം എന്നുമാവശ്യപ്പെട്ടാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ മകന്‍ കൂടിയായ ഉദയനിധി സ്റ്റാലിനും എം.കെ സ്റ്റാലിന്റെ മരുമകന്‍ ശബരീശനും കഴിഞ്ഞ വര്‍ഷം വരവില്‍ കൂടുതല്‍ സ്വത്ത് സമ്പാദിച്ചു എന്നാണ് ബിജെപി നേതാവിന്റെ ആരോപണം. ഡിഎംകെ ഫയല്‍സ് എന്ന പേരിലാണ് അഴിമതി ആരോപണങ്ങള്‍ സംബന്ധിക്കുന്ന കാര്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. എം.കെ സ്റ്റാലിന്‍ അടക്കം മറ്റു നേതാക്കള്‍ക്കെതിരെയും ആരോപണമുണ്ട്.
ഡിഎംകെ മന്ത്രി പളനിവേല്‍ ത്യാഗരാജന്‍ ഇതുസംബന്ധിച്ച് പറയുന്നതായി അവകാശപ്പെടുന്ന ടെലഫോണ്‍ സംഭാഷണവും അണ്ണാമലൈ പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍ തനിക്കെതിരായ ആരോപണങ്ങളെല്ലാം ഉദയനിധി സ്റ്റാലിന്‍ നിരസിച്ചു. ഉദയനിധി സ്റ്റാലിന് 2039 കോടിയുടെ സ്വത്തുവകകള്‍ ഉണ്ടന്നായിരുന്നു അണ്ണാമലൈയുടെ ആരോപണം.
ഏപ്രില്‍ 14നാണ് അണ്ണാമലൈ ഡിഎംകെ നേതാക്കള്‍ക്കെതിരെ അഴിമതിയാരോപണം ഉന്നയിക്കുന്നത്. സ്റ്റാലിന്‍ അടക്കമുള്ള നേതാക്കള്‍ക്കെതിരെയും അണ്ണാമലൈ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഉദയനിധി സ്റ്റാലിന്റെ ആരോപണം.