ലാൻ്റിംഗിന് തയ്യാറെടുത്ത് യുഎഇയുടെ ചാന്ദ്ര പര്യവേഷണ ദൗത്യമായ ‘റാഷിദ് റോവർ’. നാല് ദിവസത്തെ ഈദ് അൽ ഫിത്തർ അവധിക്ക് ശേഷം റാഷിദ് റോവർ ചന്ദ്രനിൽ ഇറങ്ങും. റാഷിദ് റോവറിനെ ചന്ദ്രോപരിതലത്തിലേക്ക് കൊണ്ടുപോകുന്ന HAKUTO-R മിഷൻ 1 ലൂണാർ ലാൻഡറിന്റെ നേരത്തെ ഷെഡ്യൂൾ ചെയ്ത ലാൻഡിംഗ് തീയതി ഏപ്രിൽ 25 ചൊവ്വാഴ്ചയാണ്.
ഏപ്രിൽ 25 ചൊവ്വാഴ്ച 4.40 ന് (UTC) ലാൻഡിംഗ് പ്രതീക്ഷിക്കുന്നതായി ജപ്പാൻ ആസ്ഥാനമായുള്ള ഐസ്‌പേസ് വ്യക്തമാക്കി. യുഎഇ സമയം ഏകദേശം 8.40 ന്. 2023 ഏപ്രിൽ 12 ലെ കണക്കനുസരിച്ച്, മിഷൻ 1 ലാൻഡർ 100 കിലോമീറ്ററിനും 2,300 കിലോമീറ്ററിനും ഇടയിലുള്ള ഉയരത്തിൽ ഒരു ദീർഘവൃത്ത ഭ്രമണപഥത്തിൽ ചന്ദ്രനെ ചുറ്റുകയാണ്.
2023 ഏപ്രിൽ 25-ന് ഏകദേശം 3.40pm-ന് (യുഎഇ സമയം 7.40pm) ലാൻഡർ 100km ഉയരത്തിലുള്ള ഭ്രമണപഥത്തിൽ നിന്ന് ലാൻഡിംഗ് സീക്വൻസ് ആരംഭിക്കും. ഈ ക്രമത്തിൽ, ലാൻഡർ അതിന്റെ പ്രധാന പ്രൊപ്പൽഷൻ സിസ്റ്റം ഉപയോഗിച്ച് ബ്രേക്കിംഗ് ബേൺ നടത്തും. മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള കമാൻഡുകൾ പ്രകാരം, ലാൻഡർ ചന്ദ്രോപരിതലത്തിൽ ലാൻഡിംഗ് നടത്തുന്നതിന് വേഗത കുറയ്ക്കും. ഈ പ്രക്രിയയ്ക്ക് ഏകദേശം ഒരു മണിക്കൂർ എടുക്കുമെന്ന് ഐസ്‌പേസ് പറഞ്ഞു.
നിലവിൽ മൂന്ന് ബദൽ ലാൻഡിംഗ് സൈറ്റുകളാണുള്ളത്. അവയെ ആശ്രയിച്ച് ചിലപ്പോൾ ലാൻഡിംഗ് തീയതി മാറിയേക്കാം. ലാൻഡർ കഴിഞ്ഞ മാസം ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചിരുന്നു. ഫ്ലോറിഡയിലെ കേപ് കനാവറലിൽ നിന്ന് 2022 ഡിസംബർ 11 ന് , സ്‌പേസ് എക്‌സ് ഫാൽക്കൺ 9 റോക്കറ്റിലാണ് ‘റാഷിദ് റോവർ’ വിക്ഷേപിച്ചത്. 10 കിലോഗ്രാമാണ് റോവറിന് വരുന്ന ഭാരം. റോവറിൽ ഉയർന്ന റെസല്യൂഷനുള്ള രണ്ട് ക്യാമറകൾ, ഒരു മൈക്രോസ്‌കോപ്പിക് ക്യാമറ, ഒരു തെർമൽ ഇമേജറി ക്യാമറ എന്നിവയുമുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും കുഞ്ഞൻ ചന്ദ്ര പര്യവേക്ഷണ പേടകമാണ് ‘റാഷിദ് റോവർ’.