റാസൽഖൈമ: ഇന്നലെ രാത്രി മുതൽ ആരംഭിച്ച മഴയിൽ റാസൽഖൈമയിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. കനത്ത മഴയിൽ റോഡുകളിൽ വെള്ളക്കെട്ട് ഉണ്ടായതോടെ പലഭാഗത്തും ഗതാഗതം തടസ്സപ്പെട്ടു. കടകളിൽ വെള്ളം കയറിയതിനെ തുടർന്ന് ചിലയിടത്ത് കടകൾ അടച്ചുപൂട്ടിയിരിക്കുകയാണ്. രാത്രി തുടങ്ങിയെ പെരുമഴ രാവിലെയോടെ കുറഞ്ഞെങ്കിലും താഴ്ന്ന മേഖലകളിൽ വെള്ളക്കെട്ടുണ്ട്.
ശക്തമായ കാറ്റും താപനിലയിലെ ഏറ്റക്കുറച്ചിലുകളും ഉൾപ്പെടെയുള്ള പ്രതികൂല കാലാവസ്ഥയിൽ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്ന് ആഭ്യന്തര മന്ത്രാലയം ജനങ്ങളോട് അഭ്യർത്ഥിച്ചു. ഈ കാലയളവിൽ പൊതുജനങ്ങൾ പാലിക്കേണ്ട സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ അതോറിറ്റി പുറപ്പെടുവിച്ചിട്ടുണ്ട്.

അത്യാവശ്യമെങ്കിൽ മാത്രം പുറത്തിറങ്ങിയാൽ മതിയെന്നും കഴിവതും സുരക്ഷിതസ്ഥാനത്ത് തുടരണമെന്നുമാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. വാഹനമോടിക്കുന്നവർ സുരക്ഷിത അകലം പാലിച്ചും വേഗതയിലും ഡ്രൈവ് ചെയ്യണം. ജനങ്ങൾ കാലാവസ്ഥ മുന്നറിയിപ്പുകൾ കൃത്യമായി നിരീക്ഷിക്കണമെന്നും ജാഗ്രതാ നിർദേശത്തിലുണ്ട്. സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും വെള്ളക്കെട്ടുള്ള മേഖലകളിൽ നിന്നും തങ്ങളുടെ ഡെലിവറി ഏജൻ്റുമാരെ പിൻവലിക്കുമെന്നും വിവിധ ഡെലിവറി കമ്പനികൾ അറിയിച്ചു.
കനത്ത മഴയ്ക്കിടയിൽ റാസൽ ഖൈമ പർവതനിരകൾ സജീവമായിട്ടുണ്ട്. ജബൽ ജെയ്‌യുടെ അടിവാരത്തുള്ള പർവതങ്ങളുടെ വിള്ളലുകളിലൂടെ വെള്ളച്ചാട്ടങ്ങൾ പൂർണ്ണ ശക്തിയോടെ ഒഴുകിയെത്തുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. അതേസമയം ദുബായ് അന്താരാഷ്ട്ര വിമാനത്താവളം (DXB) വ്യാഴാഴ്ച രാവിലെ മുതൽ സാധാരണ നിലയിലാണെന്ന് DXB വക്താവ് ഖലീജ് ടൈംസിന്റെ അസിസ്റ്റന്റ് എഡിറ്റർ ഏഞ്ചൽ ടെസോറെറോയോട് സ്ഥിരീകരിച്ചു.
യുഎഇ ആസ്ഥാനമായുള്ള എല്ലാ എയർലൈനുകളും സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ട്. കനത്ത മഴയുണ്ടെങ്കിലും വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയോ ചെയ്തിട്ടില്ല. മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥ, കനത്ത മഴ, ശക്തമായ കാറ്റ് എന്നിവയെക്കുറിച്ച് RAK പോലീസ് താമസക്കാർക്ക് അവരുടെ മൊബൈൽ ഫോണുകളിൽ മുന്നറിയിപ്പ് നൽകി. കുളങ്ങൾക്കും അരുവികൾക്കും ചുറ്റും ജാഗ്രത പാലിക്കാൻ അധികൃതർ മുന്നറിയിപ്പ് നൽകി.
രാവിലെ എണീച്ചപ്പോൾ മാത്രമാണ് റാസൽ ഖൈമയിൽ ഇത്ര കനത്ത മഴ പെയ്ത കാര്യം പ്രദേശവാസികൾ പലരും അറിയുന്നത്. കനത്ത മഴയിൽ പലയിടത്തും മരങ്ങളുടെ ചില്ലകളും മറ്റും തകർന്നു വീണിരുന്നു ഇതുകാരണം ചില വാഹനങ്ങൾക്ക് കേടുപാടുണ്ടായി. പലയിടത്തും വെള്ളക്കെട്ടുമായി.




