ഈ വര്‍ഷത്തെ യുഎഇ ദേശീയ ദിനത്തിന്റെയും സ്‍മരണ ദിനത്തിന്റെയും ഔദ്യോഗിക അവധി ദിനങ്ങള്‍ ക്യാബിനറ്റ് പ്രഖ്യാപിച്ചു. ഡിസംബർ ഒന്ന് വ്യാഴാഴ്ച മുതൽ ഡിസംബർ മൂന്ന് ശനിയാഴ്ച വരെയാണ് അവധി. ഞായറാഴ്ച രാജ്യത്തെ പൊതുമേഖലയ്ക്കും സ്വകാര്യ മേഖലയിലെ നിരവധി സ്ഥാപനങ്ങൾക്കും അവധി ദിവസമായതിനാൽ, ഞായറാഴ്ച അവധിയുള്ളവർക്ക് ആകെ നാല് ദിവസം തുടർച്ചയായി അവധി ലഭിക്കും.
അവധി കഴിഞ്ഞ് ഡിസംബർ അഞ്ചിന് പൊതുമേഖലാ സ്ഥാപനങ്ങളും ഓഫീസുകളും പ്രവർത്തനം പുനഃരാരംഭിക്കുമെന്ന് ഔദ്യോഗിക വാർത്താ ഏജൻസി പുറത്തിറക്കിയ പ്രസ്‍താവനയിൽ പറയുന്നു.
രാജ്യത്തിന് വേണ്ടി ജീവൻ ബലി നൽകിയവരുടെ ത്യാഗം അനുസ്‍മരിക്കുന്നതിനായി എല്ലാ വർഷവും നവംബർ 30നാണ് യുഎഇയിൽ സ്‍മരണ ദിനം ആചരിക്കുക. എന്നാൽ ദേശീയ ദിനത്തിൻ്റെ അവധിക്കൊപ്പം സ്‍മരണ ദിനത്തിൻ്റെയും അവധി ഉൾപ്പെടുത്തിയാണ് ഡിസംബർ ഒന്ന് മുതൽ മൂന്ന് വരെ അവധി.