ഇന്ത്യയുടെ 75 ആം സ്വാതന്ത്ര്യ ദിനവും ഓണവും അനുബന്ധിച്ച് പ്രത്യേക ഓഫറുകളുമായി ലുലു ഗ്രൂപ്പ് ആഘോഷ പരിപാടികൾ നടത്തുന്നു. ഓഗസ്റ്റ് 15 ന് അബുദാബിയിലെ അൽ വഹദ മാളിൽ ആഘോഷങ്ങൾക്ക് തുടക്കമാവും.
ഗണേശ ചതുർഥി, ജന്മാഷ്ടമി, നവരാത്രി, ദീപാവലി തുടങ്ങി സ്വാതന്ത്ര്യ ദിനത്തിന് ശേഷം വരുന്ന മറ്റ് ആഘോഷങ്ങളും ഇന്ത്യൻ ഉത്സവിൽ ഉൾപ്പെടുന്നുണ്ട്. ഇന്ത്യൻ ഉൽപ്പന്നങ്ങളായ ഖാദി, കൈത്തറി കശ്മീർ ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് പ്രത്യേകം സ്റ്റാളുകൾ ഉണ്ടാവും. ഇന്ത്യൻ രുചി വൈവിധ്യങ്ങൾ പരിചയപ്പെടുത്തുന്ന ഭക്ഷ്യ മേളയും ദിവസേന മറ്റ് കലാ സാംസ്‌കാരിക പരിപാടികളും ഉത്സവിൽ ഉണ്ടായിരിക്കും.
ഓണം പ്രമാണിച്ച് പഴയിടം മോഹനൻ നമ്പൂതിരിയാണ് ഇത്തവണ സദ്യയൊരുക്കുന്നത്. ഒ ടി ടി പ്ലാറ്റ്ഫോം ആയ സീ ഫൈവും സംയുക്തമായാണ് ഇന്ത്യൻ ഉത്സവ് നടത്തുന്നത്. ഉത്സവത്തിന്റെ ഭാഗമായി സീ ഫൈവിന്റെ സൗജന്യ സബ്സ്ക്രിപ്ഷൻ നേടാനാവും. ഓഗസ്റ്റ് 11 മുതൽ ഒക്ടോബർ അവസാന വാരം വരെ ആഘോഷങ്ങൾ നീണ്ടു നിൽക്കുമെന്ന് വാർത്താ സമ്മേളനത്തിൽ ലുലു ഗ്രൂപ്പ് ഡയറക്ടർ എം എ സലിം അറിയിച്ചു. ലുലു മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ വി നന്ദകുമാർ,സീ ഫൈവ് ഗ്ലോബൽ ചീഫ് ഓഫീസർ അർച്ചന ആനന്ദ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.