അനധികൃതമായെത്തുന്ന തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് തടയാനും തൊഴിൽ സുരക്ഷ ഉറപ്പാക്കുന്നതിനുമായി യു എ ഇ യും ഇന്ത്യയും തമ്മിൽ ധാരണയിലെത്തി. സന്ദർശന വിസയിലെത്തിയവരെ അനധികൃതമായി തൊഴിലെടുപ്പിക്കുന്നതും അവർക്ക് ശമ്പളമുൾപ്പെടെയുള്ള അവകാശങ്ങൾ നിഷേധിക്കുന്നതും തടയുകയാണ് ഇരു രാജ്യങ്ങളും ലക്ഷ്യംവയ്ക്കുന്നത്.
അതേസമയം തൊഴിൽ വിസയിൽ എത്തിയതിന് ശേഷം കരാർ പ്രകാരം ലഭിക്കേണ്ട വേതനവും ആനുകൂല്യവും ലഭിക്കാതെ വരുന്ന ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനെപ്പറ്റി ചർച്ച നടന്നു. ഇരു രാജ്യങ്ങളുടെയും ഉദ്യോഗസ്ഥ തലത്തിൽ നടന്ന സാങ്കേതിക സമിതിയുടെ യോഗത്തിലാണ് ഇക്കാര്യങ്ങൾ ചർച്ച ചെയ്തത്. ഇന്ത്യക്കാർക്ക് സുരക്ഷയും അവകാശങ്ങളും ഉറപ്പാക്കുന്നതിന് പ്രതിജ്ഞബന്ധരാണെന്ന് യോഗത്തിൽ സംയുക്ത സമിതി വ്യക്തമാക്കി.
ഇന്ത്യയുമായുള്ള ഉഭയകക്ഷി ധാരണകൾ യു എ ഇ യ്ക്ക് ഗുണകരമാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര സഹകരണം മെച്ചപ്പെട്ടുവെന്നും മാനവവിഭവ ശേഷി അണ്ടർ സെക്രട്ടറി ഖലീൽ അൽ ഖുരി പറഞ്ഞു. ലോകമെമ്പാടുമുള്ള വിദഗ്ധരെയും യു എ ഇ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം പുതിയ തൊഴിൽ വിസകളും നിയമങ്ങളും ഉടമകൾക്കും തൊഴിലാളികൾക്കും ഒരുപോലെ സഹായകരമാണെന്ന് യോഗം വിലയിരുത്തി. ഇന്ത്യൻ വിദേശകാര്യ ജോയിന്റ് സെക്രട്ടറി അനുരാഗ് ഭൂഷൺ, ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ, കോൺസൽ ജനറൽ ഡോ. അമൻ പുരി എന്നിവർ യോഗത്തിൽ പങ്കെടുത്തു. നിയമപരമായ മാർഗങ്ങളിലൂടെ മാത്രമേ തൊഴിലാളികൾ രാജ്യം വിടുന്നുള്ളുവെന്ന് ഇന്ത്യ ഉറപ്പാക്കണമെന്നും യോഗം കൂട്ടിച്ചേർത്തു.
യുഎഇ നൽകുന്ന വാഗ്ദാനങ്ങൾ
1) ഇന്ത്യൻ തൊഴിലാളികളുമായി ബന്ധപ്പെട്ട കരാർ ലംഘന പ്രശ്നങ്ങളും മറ്റ് തർക്കങ്ങൾക്കും പരിഹാരം
2) അവകാശങ്ങളും ചുമതലകളും ബോധ്യപ്പെടുത്തും. നിയമനടപടികൾ എല്ലാം പൂർത്തിയായതിന് ശേഷം മാത്രം തൊഴിലാളികളെ രാജ്യത്തെത്തിക്കും.
3) ജോലിക്കായി എത്തുന്നവർക്ക് പരിഗണനയും അന്തസ്സും ഉറപ്പാക്കും.
4) കൃത്യമായ മാർഗ്ഗനിർദേശങ്ങളും ബോധവൽക്കരണവും നൽകും. മാനവ വിഭവ, സ്വദേശിവൽക്കരണ മന്ത്രാലയങ്ങൾ മുഖേന അവകാശങ്ങൾ നേടിയെടുക്കുന്നതിനായി ഇരു രാജ്യങ്ങളും തൊഴിലാളികളെ ബോധവൽക്കരിക്കും.