യു.എ.ഇയിൽ വ്യാഴാഴ്ച്ച പത്താമത് പതാക ദിനം ആചരിക്കും. യു.എ.ഇയുടെ രണ്ടാമത്തെ പ്രസിഡന്റായി ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ 2004ല്‍ അധികാരമേറ്റതിന്റെ സ്മരണാര്‍ഥമാണ് ഇന്ന് പതാക ദിനമായി ആചരിക്കുന്നത്. ദേശസ്നേഹവും ഐക്യവും അഖണ്ഡതയും പ്രതിധ്വനിക്കുന്നതാണ് യു എ ഇ യുടെ ചതുർവർണ പതാക.
ദേശീയ പതാകദിനം എല്ലാവരും ആഘോഷിക്കണമെന്ന് യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കഴിഞ്ഞദിവസം ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ, സ്കൂളുകൾ, വീടുകൾ, സ്‌ക്വയറുകൾ, പാർക്കുകൾ, ബീച്ചുകൾ എന്നിവിടങ്ങളിൽ ഇന്ന് പതാക ഉയരും.
ഭരണകൂടത്തിന്റെ പരമാധികാരത്തെയും ഐക്യത്തെയുമാണ് പതാകദിനം പ്രതീകപ്പെടുത്തുന്നത്. അതേസമയം ദേശീയപതാകയെ അപമാനിക്കുകയോ ദുരുപയോഗം ചെയ്യുകയോ ചെയ്താൽ 25 വർഷം വരെ തടവും 5,00,000 ദിർഹം പിഴയും ലഭിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. യുഎഇയുടെ ദേശീയ ചിഹ്നങ്ങളെയും ബഹുമാനത്തോടെ സമീപിക്കണം.


 
 



 
  
  
  
 