വാടക ഗര്‍ഭധാരണം നിയമവിധേയമാക്കി യു.എ.ഇ ഭരണകൂടം. ഫെഡറല്‍ നിയമത്തില്‍ വരുത്തിയ ഭേദഗതികളിലൂടെയാണ് വാടക ഗര്‍ഭധാരണത്തിന് യു.എ.ഇ ഭരണകൂടം അനുമതി നല്‍കിയത്.
ദമ്പതികള്‍ക്കോ വ്യക്തിക്കോ വേണ്ടി ഒരു സ്ത്രീ ഭ്രൂണം സ്വീകരിച്ച് ഗര്‍ഭം ധരിക്കാനും പ്രസവിക്കാനും തയ്യാറാകുന്നതിനെയാണ് വാടക ഗര്‍ഭധാരണം എന്നതിലൂടെ ഉദ്ദേശിക്കുന്നത്.
‘വിവാഹ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ മുസ്ലീം ഇതര വ്യക്തികള്‍ക്ക് വൈദ്യസഹായത്തോടെയുള്ള പുനരുല്‍പ്പാദന സാങ്കേതികവിദ്യ (IVF) ഉപയോഗപ്പെടുത്തുക, വാടക ഗര്‍ഭധാരണം അംഗീകരിക്കുക, അവിവാഹിതരായ ദമ്പതികള്‍ക്ക് ബീജസങ്കലനത്തിനും ഇംപ്ലാന്റേഷന്‍ നടപടിക്രമങ്ങള്‍ക്കും അംഗീകാരം നല്‍കുക അനുവദിക്കുക എന്നിവയാണ് ശ്രദ്ധേയമായ ഭേദഗതികള്‍,’
അവിവാഹിതര്‍ക്കും അമുസ്ലിം ദമ്പതികള്‍ക്കും ബന്ധപ്പെട്ട ഏജന്‍സിയില്‍ അപേക്ഷിക്കുക വഴി കൃതിമ ഗര്‍ഭധാരണത്തിനുള്ള അനുമതി നേടാം. എന്നാല്‍ ദമ്പതികളില്‍ ഒരാള്‍ മുസ്ലീം ആണെങ്കില്‍ പോലും വിവാഹ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടി വരും.
എല്ലാ എമിറേറ്റുകളിലും ബന്ധപ്പെട്ട അധികാരികളുടെ നിരീക്ഷണത്തിനും നിയന്ത്രണത്തിനും വിധേയമായിട്ടാവും കൃതിമബീജസങ്കലനവും വാടകഗര്‍ഭധാരണവും അടക്കമുള്ള നടപടിക്രമങ്ങള്‍ നടക്കുക.