ദുബായ്: വ്യക്തിഗത വായ്പയ്ക്ക് അപേക്ഷിക്കാൻ മിനിമം ശമ്പള പരിധി നിശ്ചയിച്ച നിബന്ധന റദ്ദാക്കി യുഎഇ സെൻട്രൽ ബാങ്ക്. ഇതോടെ കുറഞ്ഞ വരുമാനത്തിന് ജോലി ചെയ്യുന്ന രാജ്യത്തെ ലക്ഷക്കണക്കിന് ആളുകൾക്കും വായ്പകളും ക്രെഡിറ്റ് കാർഡുകളും നേടാൻ അവസരം ലഭിക്കും.
പേഴ്സണൽ ലോണുകൾക്ക് അപേക്ഷിക്കുന്നവർക്ക് മിനിമം 5,000 ദിർഹം ശമ്പള പരിധി ധനകാര്യസ്ഥാപനങ്ങൾ നിർബന്ധമാക്കിയിരുന്നു. ഇനി ഇതിനു പകരം മറ്റു ഘടകങ്ങൾ ഉപയോഗിച്ചാവും ഇനി വായ്പദാതാക്കൾ അപേക്ഷകളിൽ തീരുമാനമെടുക്കും.
അതേസമയം പരമാവധി വായ്പാ തുക പ്രതിമാസ ശമ്പളത്തിന്റെ 20 മടങ്ങും, തിരിച്ചടവ് കാലാവധി 48 മാസമായും പരിമിതപ്പെടുത്തിയിട്ടുണ്ട്. തവണകൾ വരുമാനത്തിന്റെ 50 ശതമാനത്തിൽ കൂടരുത് എന്ന നിബന്ധനയും ഇതിൽ ഉൾപ്പെടുന്നു. നിബന്ധനകൾ, നിരക്കുകൾ, ഫീസ് എന്നിവ വ്യക്തിഗത ബാങ്കുകളെ ആശ്രയിച്ചിരിക്കുന്നത് തുടരും.
അതേസമയം ശബളവുമായി ബന്ധപ്പെട്ട തിരിച്ചടവുകൾ കൃത്യമായിരിക്കാൻ അപേക്ഷകർ ശ്രദ്ധിക്കണമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. കടം വാങ്ങുന്നവർ തൊഴിൽ നഷ്ട സാധ്യതയെക്കുറിച്ച് ശ്രദ്ധാലുവായിരിക്കണം.ഒരു ജീവനക്കാരൻ തൊഴിൽരഹിതനാകുമ്പോൾ തവണകൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ യുഎഇ ബാങ്കുകൾ ബാധ്യസ്ഥരല്ല. ബാങ്കുമായി ധാരണയിൽ എത്തിയില്ലെങ്കിൽ പേയ്‌മെന്റുകൾ മുടങ്ങുന്നത് സങ്കീർണമായ നിയമനടപടികളിലേക്ക് നീങ്ങിയേക്കാം.




