തുർക്കി – സിറിയ ഭൂകമ്പത്തിൽ 101 മണിക്കൂർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടന്ന ആറ് പേരെ രക്ഷിച്ചു. 21,000-ത്തിലധികം പേരാണ് ഇതുവരെ മരണപ്പെട്ടിട്ടുള്ളത്. ഇപ്പോഴും നിരവധി പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നുണ്ട്. അതിജീവിച്ച നിരവധി പേരെ കണ്ടെത്താനാവുമെന്നാണ് പ്രതീക്ഷ.
13.5 ദശലക്ഷത്തിലധികം ആളുകൾ താമസിക്കുന്ന തുർക്കിക്കും സിറിയയ്ക്കും ഇടയിലുള്ള അതിർത്തി മേഖലയിൽ തിങ്കളാഴ്ച പുലർച്ചെയാണ് 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. മൃതശരീരങ്ങൾ കൊണ്ട് മോർച്ചറികളും സെമിത്തേരികളും നിറഞ്ഞതോടെ തെരുവുകളിൽ പുതപ്പുകൾക്കൊണ്ട് പൊതിഞ്ഞു വച്ചിരിക്കുകയാണ്.
അതേസമയം ദുരന്തത്തിൽ നിന്ന് അതിജീവിച്ചവർക്ക് സർക്കാർ ദശലക്ഷക്കണക്കിന് ഭക്ഷണ പദാർഥങ്ങളും ടെൻ്റുകളും പുതപ്പുകളും വിതരണം ചെയ്തിട്ടുണ്ട്. കൂടാതെ രക്ഷാപ്രവർത്തനവും സഹായവും വേഗത്തിലാക്കാൻ മൂന്ന് മാസത്തെ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിട്ടുണ്ട്.
തുർക്കിയിലേക്കും സിറിയയിലേക്കും വിവിധ രാജ്യങ്ങളിൽ നിന്ന് സഹായങ്ങൾ ലഭിക്കുന്നുണ്ട്. യുഎഇ ഇതുവരെ 22 വിമാനങ്ങൾ അയച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളിലെയും ദുരന്തം അതിജീവിച്ചവർക്കായി 640 ടൺ സാധനങ്ങൾ എയർലിഫ്റ്റ് ചെയ്തു. കൂടാതെ രക്ഷാസംഘങ്ങളെ അയക്കുകയും ഫീൽഡ് ആശുപത്രികൾ സ്ഥാപിക്കുകയും ചെയ്തിരുന്നു.