തമിഴ് സിനിമയിലെ പ്രധാന സീസണായ പൊങ്കലിന് സർപ്രൈസ് ഹിറ്റായി ജീവ ചിത്രം ടിടിടി. തലൈവർ തമ്പി തലമയിൽ എന്ന ചിത്രത്തിൻ്റെ സംവിധാനം ഫാലിമിയിലൂടെ ശ്രദ്ധേയനായ നിതീഷ് സഹദേവനാണ്. പ്രവാസി വ്യവസായിയായ കണ്ണൻ രവിയാണ് ചിത്രത്തിൻ്റെ നിർമ്മാതാവ്. തീർത്തും അപ്രതീക്ഷിതമായാണ് പൊങ്കലിന് ടിടിടി റിലീസ് ചെയ്തതെന്ന് ദുബായിൽ ചിത്രത്തിൻ്റെ പ്രീമിയർ പ്രദർശനത്തിന് ശേഷം കണ്ണൻ രവി പറഞ്ഞു.
അപ്രീതക്ഷിതമായിട്ടാണ് ടിടിടിയുടെ റിലീസ് സംഭവിച്ചതെന്നും എന്നാൽ മികച്ച പ്രതികരണത്തോടെയാണ് സിനിമ ഇപ്പോൾ മുന്നോട്ട് പോകുന്നതെന്നും കണ്ണൻ രവി പറഞ്ഞു. ജനനായകൻ മാറ്റിവച്ചതോടെയാണ് ടിടിടി പ്രേക്ഷകരിലേക്ക് എത്തിക്കാൻ തീരുമാനിച്ചത്. സിനിമ തനിക്ക് വെറുമൊരു ബിസിനസ്സല്ലെന്നും ഒരു പാഷനാണെന്നും അദ്ദേഹം പറഞ്ഞു.
വിജയ് ചിത്രം ജനനായകൻ, ശിവകാർത്തികേയൻ – ജയം രവി – സുധ കൊങ്ക ചിത്രം പരാശക്തി, കാർത്തി – നളിൻ കുമാരസ്വാമി ചിത്രം വാ വാധിയാർ എന്നിവയാണ് പൊങ്കലിന് റിലീസായി നിശ്ചിയിച്ചിരുന്നത്. വിജയ് അഭിനയിക്കുന്ന അവസാന ചിത്രം എന്ന നിലയിൽ ജനനായകനായിരുന്നു വലിയ ഹൈപ്പും പ്രീബുക്കിംഗും. എന്നാൽ ജനനായകനും പരാശക്തിയും സെൻസർ പ്രശ്നങ്ങളിൽ കുടുങ്ങി. അവസാന നിമിഷം പരാശക്തി സെൻസർ അനുമതി നേടി റിലീസായെങ്കിലും ജനനായകൻ കോടതിയിലേക്ക് എത്തി. ഇതോടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ അതിവേഗം പൂർത്തിയാക്കി കണ്ണൻ രവിയും സംഘവും ടിടിടി തീയേറ്ററുകളിലേക്ക് എത്തിച്ചത്. ബിഗ് ബജറ്റ്, പാൻ ഇന്ത്യൻ സ്വഭാവത്തിലുള്ള മറ്റു ചിത്രങ്ങളെ അപേക്ഷിച്ച് ചെറിയ കോമഡി ചിത്രമായ ടിടിടി പൊങ്കൽ കളക്ഷനിൽ തൂക്കിയടിക്കുന്ന കാഴ്ചയാണ് ഇപ്പോൾ ബോക്സ് ഓഫീസിൽ കാണുന്നത്.
മലയാളിയായ നിതീഷ് സഹദേവനാണ് ചിത്രം ഒരുക്കിയത്. ഫാലിമി എന്ന മനോഹരമായ സിനിമ കണ്ടാണ് അദ്ദേഹത്തെ അറിയുന്നത്. മലയാളി സംഗീത സംവിധായകനായ വിഷ്ണു വിജയനാണ് ടിടിടിയിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നതെന്നും അതിനാൽ തന്നെ മലയാളികൾക്കും ചിത്രം ഏറെ ഇഷ്ടപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. മലയാള സിനിമ ചെയ്യുന്നത് സംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു




