വിമാനത്തിൽ നിന്ന് യാത്രക്കാർക്കിറങ്ങാൻ ത്രീ പോയിന്റ് സൗകര്യമൊരുക്കാനൊരുങ്ങി വിമാനകമ്പനിയായ ഇൻഡിഗോ എയർലൈൻ. രണ്ട് റാമ്പുകളിലായാണ് സാധാരണയായി യാത്രക്കാർ ഇറങ്ങാറുള്ളത്. റാമ്പുകളുടെ എണ്ണം മൂന്നായി ഉയർത്തുകയാണ് ത്രീ പോയിന്റ് സംവിധാനത്തിലൂടെ ചെയ്യുന്നത്. യാത്രക്കാർക്ക് സമയം പാഴാക്കാതെ പുറത്തിറങ്ങാൻ ഇതിലൂടെ സാധിക്കും.
മൂന്നാമത്തെ റാമ്പ് സജ്ജീകരിക്കുന്ന പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് ഇൻഡിഗോ അറിയിച്ചു. 14 മിനുട്ട് ആണ് സാധാരണ ഇറങ്ങാൻ എടുക്കാറുള്ള സമയം. ത്രീ പോയിന്റ് സംവിധാനം വരുന്നതോട് കൂടി 8 മിനിട്ടായി ചുരുങ്ങും. ബംഗളുരു, ഡൽഹി, മുംബൈ എന്നീ നഗരങ്ങളിലാണ് ആദ്യം ത്രീ പോയിന്റ് സംവിധാനം നടപ്പിലാക്കുന്നത്. ആദ്യമായി ത്രീ പോയിന്റ് സൗകര്യമൊരുക്കുന്ന വിമാനകമ്പനിയാണ് ഇൻഡിഗോ എയർലൈൻ.