ഇറ്റാനഗർ: കോട്ടയം സ്വദേശികളായ ദമ്പതികളേയും തിരുവനന്തപുരം സ്വദേശിനിയായ അധ്യാപികയേയും അരുണാചൽ പ്രദേശ് തലസ്ഥാനമായ ഇറ്റാനഗറിൽ മരിച്ച നിലയിൽ കണ്ടെത്തി.കോട്ടയം മീനടം സ്വദേശികളായ ദമ്പതികൾ നവീൻ തോമസ് (35), ഭാര്യ ദേവി (35, തിരുവനന്തപുരത്ത് നിന്ന് കാണാതായ അധ്യാപിക ആര്യ ബി നായർ (20) എന്നിവരാണ് മരിച്ചത്.
ഇറ്റാനഗറിലെ ഒരു ഹോട്ടൽ മുറിയിലാണ് മൂവരേയും മരണപ്പെട്ടതായി കണ്ടെത്തിയതെന്നാണ് വിവരം. ദുർമന്ത്രവാദമാണ് ഇവരുടെ മരണത്തിന് കാരണമായതെന്ന സംശയത്തിലാണ് പൊലീസ്. ഇക്കാര്യത്തിൽ അന്വേഷണം തുടരുകയാണ്. പ്രശസ്ത വൈൽഡ് ഫോട്ടോഗ്രാഫർ ബാലൻ മാധവൻ്റെ മകളാണ് ദേവി. ഞങ്ങൾക്ക് ഒരു കടവുമില്ല, ഞങ്ങള്‍ക്ക് ഒരു പ്രശ്‌നവുമില്ല, ഞങ്ങള്‍ എവിടെയാണോ അങ്ങോട്ട് പോകുന്നു എന്നെഴുതിയ കുറിപ്പ് ഇവരുടെ കിടപ്പുമുറിയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. ദേവിയുടേയും നവീന്റേയും വിവാഹസർട്ടിഫിക്കറ്റും മുറിയിലുണ്ടായിരുന്നു.
അരുണാചൽ പ്രദേശിൽ ഇറ്റാനഗറിനോട് ചേർന്നുള്ള ലോവർ സുബാൻസിരി ജില്ലയിലാണ് ജിറോ എന്ന പ്രദേശം സ്ഥിതി ചെയ്യുന്നത്. ജിറോയിലെ ബ്ലൂ പൈൻ ഹോട്ടലിലെ 305-ാം നമ്പർ മുറിയിലാണ് ഇവർ താമസിച്ചതും ഇപ്പോൾ മരിച്ച നിലയിൽ കണ്ടെത്തിയതും. മുറിയിലെ കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു ആര്യയുടെ മൃതദേഹം, ദേവിയുടെ മൃതദേഹം തറയിലും നവീനെ കുളിമുറിയിലുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബന്ധുക്കൾ എത്തിയ ശേഷം പോസ്റ്റ്മോർട്ടം നടത്തുമെന്ന് അരുണാചൽ പൊലീസ് അറിയിച്ചു. മാർച്ച് 28-നാണ് ഇവർ ഹോട്ടലിൽ മുറിയെടുത്തത് എന്നാണ് വിവരം. പൂജ്യം ഡിഗ്രീക്കും താഴെ താപനില അനുഭവപ്പെടുന്ന സ്ഥലമാണ് ജിറോ.
കഴിഞ്ഞ ആഴ്ചയാണ് തിരുവനന്തപുരം സ്വദേശിനിയായ ആര്യയെ കാണാതായത്. മാർച്ച് 27-ന് സ്കൂളിൽ നിന്നും ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ ആര്യ തിരികെ വീട്ടിലെത്തിയില്ല. ഫോണിൽ ആര്യയെ ബന്ധപ്പെടാൻ സാധിക്കാതെ വന്നതോടെ വീട്ടുകാർ പൊലീസിന് പരാതി നൽകി. പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച വട്ടിയൂർക്കാവ് പൊലീസ് ആര്യ കോട്ടയം സ്വദേശികളായ ദമ്പതികൾക്കൊപ്പം സംസ്ഥാനം വിട്ടതായി തിരിച്ചറിഞ്ഞു. ആയുർവേദ ഡോക്ടർമാരാണ് നവീനും ദേവിയും എന്നാണ് വിവരം. ഒരു പ്രത്യേക കൂട്ടായ്മ വഴിയാണ് ഇവർ തമ്മിൽ പരിചയപ്പെട്ടത് എന്നാണ് സൂചന.
കോട്ടയം സ്വദേശികളായ ദേവിയ്ക്കും ഭർത്താവ് നവീനുമൊപ്പം വിമാന മാർഗം മൂവരും ഗുവാഹത്തിയിലേക്ക് പോയതായി പൊലീസ് കണ്ടെത്തി. നവീനും ദേവിയും വിനോദയാത്ര പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് പോയത്. അതിനാൽ ബന്ധുക്കൾ ഇവരെക്കുറിച്ച് അന്വേഷിച്ചിരുന്നില്ല. എന്നാൽ ആര്യയുടെ തിരോധാനം അന്വേഷിച്ച് പിന്നാലെ പൊലീസ് എത്തിയതോടെ ബന്ധുക്കൾക്ക് ദുരൂഹത വർധിച്ചു.
ഇന്ന് രാവിലെയാണ് ദമ്പതികളുടെ മരണവിവരം ഇറ്റാനഗർ പൊലീസ് നാട്ടിലുള്ള ബന്ധുക്കളേയും കേരള പൊലീസിനേയും അറിയിച്ചത്. മരിച്ചവരുടെ മുറിയിൽ നിന്ന് ലഭിച്ച രേഖകളിലെ വിവരങ്ങൾ പ്രകാരമാണ് ഇറ്റാനഗർ പൊലീസ് ആളുകളെ തിരിച്ചറിഞ്ഞത്. മൂവരുടേയും ശരീരത്തിൽ നിരവധി മുറിവുകളുണ്ടായിരുന്നുവെന്നും മുറിവിൽ നിന്നും രക്തം വാർന്നാണ് എല്ലാവരും മരണപ്പെട്ടതെന്നുമാണ് പ്രാഥമിക വിവരം. മൂവരും ശരീരത്തിൽ വ്യത്യസ്തമായ മുറിവുകളുണ്ടാക്കിയിരുന്നു. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
സംഭവത്തിൽ കേരള പൊലീസും ഇപ്പോൾ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ദുർമന്ത്രവാദത്തിൽ വിശ്വസിച്ചാണ് മൂവരും മരണത്തിലെത്തിയത് എന്നാണ് സൂചന. ഇവർ മരണാനന്തര ജീവിതത്തെ കുറിച്ച് തുടർച്ചയായി ഇൻ്റർനെറ്റിൽ പരിശോധിച്ചിരുന്നുവെന്ന് പൊലീസ് ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. ദേവിയ്ക്കും നവീനുമൊപ്പം ചേർന്ന ശേഷം ആര്യയുടെ പെരുമാറ്റത്തിലും രീതികളിലും മാറ്റം വന്നിരുന്നുവെന്നും തുടർന്ന് ഇവരുമായുള്ള സൗഹൃദം വീട്ടുകാർ വിലക്കിയിരുന്നുവെന്നുമാണ് സൂചന. ദേവിയുടെ ഭർത്താവ് നവീൻ ദുർമന്ത്രവാദത്തിൽ വിശ്വസിക്കുന്ന ആളായിരുന്നുവെന്ന സൂചനയും പൊലീസിന് കിട്ടിയിട്ടുണ്ട്.