അയോധ്യയിലെ രാമക്ഷേത്രം ബോംബ് വെച്ച് തകര്‍ക്കുമെന്ന് സാമൂഹിക മാധ്യമത്തിലൂടെ ഭീഷണി മുഴക്കിയ രണ്ട് പേര്‍ അറസ്റ്റില്‍. തഹര്‍ സിംഗ്, ഓംപ്രകാശ് മിശ്ര എന്നിവരാണ് പിടിയിലായത്. ലഖ്‌നൗവിലെ ഗോമ്തി നഗറില്‍ നിന്ന് ഉത്തര്‍പ്രദേശ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഭീഷണി സന്ദേശത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, എസ്ടിഎഫ് ചീഫ് അമിതാബ് യാഷ് എന്നിവര്‍ക്കെതിരെയും പരാമര്‍ശമുണ്ടായിരുന്നു. വ്യാജ എക്‌സ് അക്കൗണ്ടിലൂടെയായിരുന്നു ഭീഷണി. മുസ്ലീം പേരുകള്‍ വെച്ച് ഉണ്ടാക്കിയ മെയില്‍ ഐഡികളായിരുന്നു ഇതിന് ഉപയോഗിച്ചത്. alamansarikhan608@gmail.com, zubairkhanisi199@gmail.com എന്നീ രണ്ട് മെയില്‍ ഐഡികളാണ് ഇതിനായി ഉപയോഗിച്ചത്. എന്നാല്‍ ഈ മെയില്‍ ഐഡികള്‍ ഉണ്ടാക്കിയത് തഹര്‍ സിംഗ് എന്നയാളാണെന്നും ഭീഷണിപ്പെടുത്തിയത് ഓംപ്രകാശ് മിശ്രയെന്ന ആളാണെന്നും സങ്കേതിക പരിശോധനയില്‍ വ്യക്തമായതായി അധികൃതര്‍ വ്യക്തമാക്കി.
ഇരുവരും യുപിയിലെ ഗോണ്‍ഡ സ്വദേശികളും പാരാമെഡിക്കല്‍ സ്ഥാപനത്തിലെ ജീവനക്കാരുമാണ്. ഭീഷണി സന്ദേശത്തിന് പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തും.