ലോകകപ്പിന്റെ ചരിത്രം കണ്ടറിയാൻ ‘ഫുട്‌ബോളിന്റെ ലോകം’ ഒരുക്കി ഖത്തർ. ഖത്തറിന്റെ ഒളിംപിക് ആൻഡ് സ്‌പോർട്‌സ് മ്യൂസിയത്തിലാണ് ചരിത്രങ്ങൾ വിവരിക്കുന്ന പ്രദർശനം നടക്കുന്നത്. സാംസ്‌കാരിക മന്ത്രി ഷെയ്ഖ് അബ്ദുൽ റഹ്‌മാൻ ബിൻ ഹമദ് അൽതാനിയാണ് പ്രദർശനം ഉദ്ഘാടനം ചെയ്തത്. 2023 ഏപ്രിൽ 1 വരെ നീളുന്ന പ്രദർശനത്തിൽ ഉറുഗ്വേയിൽ 1930 ൽ നടന്ന ആദ്യ ഫിഫ ലോകകപ്പ് മുതൽ 2022 ലോകകപ്പിന്റെ വരെയുള്ള കളിയും കാര്യവും അറിയാം.
ഖത്തർ കായിക രംഗത്ത് നടത്തുന്ന പ്രവർത്തനങ്ങളും അത് ലോകജനത ഏറ്റെടുത്തതിനുള്ള കാരണങ്ങളും, ലോകകപ്പിലെ ആതിഥേയത്വം എന്നിവ എടുത്തുകാട്ടുന്നതാണ് പ്രദർശനം. ഫുട്‌ബോളിന്റെയും ഫിഫ ലോകകപ്പിന്റെയും ആരംഭവും ആഗോള തലത്തിലുള്ള ജനങ്ങളെ ഒരുമിപ്പിക്കുന്നതിൽ ഫുട്‌ബോളിനുള്ള പങ്കും പ്രദർശനം പ്രതിപാദിക്കുന്നുണ്ട്. ഖത്തർ ക്രിയേറ്റീവ്‌സിന്റെ കീഴിലാണ് പ്രദർശനം.
ഫുട്‌ബോൾ ഫോർ ഓൾ-ഓൾ ഫോർ ഫുട്‌ബോൾ, ദ റോഡ് ടു ദോഹ, ഹിസ്റ്ററി ഇൻ ദ മേക്കിങ് എന്നിങ്ങനെ 3 വിഭാഗങ്ങളായാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്. ഹിസ്റ്ററി ഇൻ ദ മേക്കിങ്ങിൽ ടൂർണമെന്റിലെ ഫുട്‌ബോൾ, ഷൂസ്, ടിക്കറ്റുകൾ, പോസ്റ്ററുകൾ തുടങ്ങിയ വസ്തുക്കളാണു പ്രദർശിപ്പിച്ചിരിക്കുന്നത്.
അർജന്റീനയുടെ ഫുട്‌ബോൾ ഇതിഹാസം ഡിയേഗോ മറഡോണയുടെ ഓർമകൾ ഉണർത്തി അദേഹം ധരിച്ച വിഖ്യാതമായ ജേഴ്‌സിയാണ് പ്രദർശനത്തിലെ പ്രധാന ആകർഷണങ്ങളിൽ ഒന്ന്. ലോകകപ്പിൽ മത്സരങ്ങൾ ഇല്ലാത്ത ദിവസം മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്. പ്രതിദിനം 1,000 പേരെ ഉൾക്കൊള്ളാനുള്ള ശേഷിയാണ് മ്യൂസിയത്തിനുള്ളത്.