റമദാൻ അവസാന പത്തിലേക്ക് പ്രവേശിച്ചതിനെ തുടർന്ന് മസ്ജിദുന്നബവിയിലേക്കും ഖുബാഅ് പള്ളിയിലേക്കുമുള്ള ഷട്ടിൽ ബസ് സർവീസുകളുടെ സമയം കൂട്ടി.
റമദാനിൽ സ്വദേശികളെയും താമസക്കാരെയും സന്ദർശകരെയും മദീനയിലെ വിവിധ ഭാഗങ്ങളിൽനിന്ന് മസ്ജിദുന്നബവിയിലേക്കും ഖുബാഅ് പള്ളിയിലേക്കും എത്തിക്കുന്നതിന് നിരവധി ബസുകളാണ് സർവിസ് നടത്തുന്നത്. അവസാന പത്തിൽ ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ ഖിയാമുലൈൽ നമസ്കാരം കഴിഞ്ഞ് അരമണിക്കൂർ ഷട്ടിൽ ബസ് സേവനം ഉണ്ടായിരിക്കും.
സ്‌പോർട്‌സ് സ്റ്റേഡിയം, ദുറത്ത് അൽ മദീന, സയ്യിദ് അൽശുഹ്ദാഅ്, ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി, ഹയ്യ് ഖാലിദിയ, ഹയ്യ് ഷദാഅ് എന്നിവിടങ്ങളിൽ നിന്നാണ് മസ്ജിദുന്നബവിയിലേക്കും തിരിച്ചും ആളുകളെ എത്തിക്കുന്നതിന് ഷട്ടിൽ ബസ് സേവനം ഒരുക്കിയിരിക്കുന്നത്. കൂടാതെ സിറ്റി ബസ് പദ്ധതിയിൽ പട്ടണത്തിനുള്ളിൽ സർവിസ് നടത്തുന്നതിനായി നിരവധി ബസുകളുമുണ്ട്.