ലോകകപ്പിനായുള്ള കാത്തിരിപ്പിലും ഒരുക്കങ്ങളിലുമാണ് ഖത്തറും ആരാധകരും. വ്യത്യസ്തമായ ഒരുക്കങ്ങൾ നടത്തി ഖത്തർ ശ്രദ്ധേയമാവുമ്പോൾ ആരാധകരും വ്യത്യസ്തമായ യാത്രകൾ നടത്തി മത്സരം കാണാനെത്തുന്നുണ്ട്. കേരളത്തിൽനിന്നു ജീപ്പോടിച്ചും ഫ്രാൻസിൽ നിന്ന് സൈക്കിളോടിച്ചും അർജന്റീനയിൽ നിന്ന് പ്രത്യേക വിമാനം കയറിയും സ്പെയിനിൽ നിന്ന് കാൽനടയായും ആരാധകർ ഖത്തറിലേക്ക് യാത്ര തിരിച്ചു കഴിഞ്ഞു. അത്തരത്തിൽ മാഹിക്കാരിയായ നാജിയുടെയും യാത്ര വൈറലാവുന്നു.
ലോകകപ്പ് കാണാൻ പോകണം എന്നതു മാത്രമായിരുന്നില്ല നാജി നൗഷിയുടെ ആഗ്രഹം. അതിനായി ഥാർ ഓടിച്ചു തന്നെ ഖത്തറിലേക്കു പോകണമെന്നത് നാജിയുടെ ആഗ്രഹം. കഴിഞ്ഞ ദിവസം കണ്ണൂരിൽ നിന്ന് നാജി ലോകകപ്പ് യാത്രയ്ക്കു തുടക്കം കുറിച്ചുകഴിഞ്ഞു. ഥാറിന് ഓള് എന്നാണ് പേരിട്ടിരിക്കുന്നത്. അതേസമയം അഞ്ചു മക്കളുടെ അമ്മയായ നാജിയുടെ യാത്ര ഒറ്റയ്ക്കാണ്.
മുംബൈ വരെ വണ്ടി ഓടിച്ചതിന് ശേഷം കപ്പലിൽ നാജിയും ‘ഓളും’ ഒമാനിലെത്തും. അവിടെനിന്നു വീണ്ടും റോഡ് വഴി യുഎഇ, ബഹ്റൈൻ, കുവൈത്ത്, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലൂടെ യാത്ര ചെയ്ത് ഖത്തറിൽ. താമസവും ഭക്ഷണം പാചകം ചെയ്യലുമെല്ലാം വാഹനത്തിൽ തന്നെയാണ്. നാജി നൗഷി സോളോ മോം ട്രാവലർ എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ തന്റെ യാത്രാ വിശേഷങ്ങൾ പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട് നാജി.