ജി സി സി രാജ്യങ്ങൾ തമ്മിലുള്ള അന്താരാഷ്ട്ര റോമിങ് നിരക്ക് കുറയ്ക്കുന്നതിന് തീരുമാനമായി. ജി സി സിയിലെ ടെലികമ്യൂണിക്കേഷൻ മന്ത്രിതല സമിതിയുടെ 27ാമത് യോഗത്തിലാണ് തീരുമാനമുണ്ടായത്. ഇതുസംബന്ധിച്ച് ടെലികമ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി പഠനം നടത്തി വരികയാണെന്ന് ഗതാഗത-വാർത്താവിനിമയ മന്ത്രി മുഹമ്മദ് ബിൻ തമർ അൽ കഅബി അറിയിച്ചു.
2022 ൽ മൂന്നാം പാദത്തിൽ രാജ്യത്തെ മൊബൈൽ ഫോൺ ഉപയോക്താക്കളുടെ എണ്ണത്തിൽ 13 ശതമാനം വർധനയുണ്ടായിട്ടുണ്ടെന്ന് ടെലികമ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റിയുടെ കണക്കുകൾ വ്യക്തമാക്കുന്നു. ഈ കാലയളവിൽ മൊബൈൽ ഫോൺ വരിക്കാരുടെ എണ്ണം 2.1 ദശലക്ഷമാമായി ഉയർന്നിട്ടുണ്ട്. മുൻവർഷങ്ങളിൽ ഇതേ കാലയളവിൽ 1.8 ദശലക്ഷം വരിക്കാർ ഉണ്ടായിരുന്നു.
2022 ലെ മൂന്നാം പാദത്തിലുള്ള കണക്കനുസരിച്ച് പോസ്റ്റ്പെയ്ഡ് വരിക്കാരുടെ എണ്ണം 6.71 ലക്ഷമാണ്. പ്രീപെയ്ഡ് വരിക്കാരുടെ എണ്ണം 1.43 ദശലക്ഷവുമാണ്. അതേസമയം ജി സി സി രാജ്യങ്ങൾ തമ്മിൽ റോമിങ് നിരക്ക് കുറക്കുന്നതിനുള്ള പുതിയ വിവരങ്ങൾ യോഗത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. ഉടൻ തന്നെ നിരക്കിൽ കുറവ് വന്നേക്കുമെന്നാണ് പ്രതീക്ഷ.





