ദുബായ്: ദുബായ് എയർഷോയിലെ പ്രകടനത്തിനിടെ ഇന്ത്യൻ വ്യോമസേനയുടെ തേജസ്സ് യുദ്ധവിമാനം തകർന്നു വീണു. ദുബായ് വേൾഡ് സെൻട്രലിലെ അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിൽ കാണികൾക്കായി പറക്കൽ അഭ്യാസം നടത്തി കൊണ്ടിരിക്കെയാണ് തീർത്തും അപ്രതീക്ഷിതമായി തേജസ്സ് വിമാനം തകർന്നു വീണത്. ആകാശത്ത് പറക്കുന്നതിന് അതിവേഗം താഴേക്ക് വിമാനം പതിക്കുകയും തൊട്ടുപിന്നാലെ വമ്പനൊരു സ്ഫോടനത്തോടെ തകരുകയുമായിരുന്നു. അപകടത്തിന് പിന്നലെ പ്രദേശമാകെ കറുത്ത പുക പടർന്നു. അടിയന്തര സൈറണുകൾ മുഴങ്ങിയത് ആളുകളെ ആശങ്കയിലാഴ്ത്തി. യുഎഇ പ്രാദേശിക സമയം 2.10-ഓടെയാണ് അപകടമുണ്ടായത്.
ഇന്ത്യൻ വ്യോമസേനയുടെ അഭിമാനസ്തംഭമായ തേജസ്സ് വിമാനം പൂർണമായും തദ്ദേശീയമായി നിർമ്മിക്കപ്പെട്ട പോർവിമാനമാണ്. ഇന്ത്യൻ വ്യോമസേനയുടെ വിശ്വസ്ത വിമാനമാണ് തേജ്ജസ്സ്. വാണിജ്യാടിസ്ഥാനത്തിൽ തേജ്ജസ്സ് ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ദുബായ് എയർഷോയിൽ അടക്കം തേജസ്സ് ഇന്ത്യ അവതരിപ്പിച്ചത്. പല രാജ്യങ്ങളും തേജ്ജസ്സ് വാങ്ങാൻ ഇന്ത്യയെ താത്പര്യം അറിയിച്ചിരുന്നു.
ദുബായ് എയർ ഷോ -25 ൽ ഐഎഎഫിന്റെ ഒരു തേജസ് തകർന്നുവീണു. കൂടുതൽ വിവരങ്ങൾ ഇപ്പോൾ പരിശോധിച്ചുവരികയാണ്. കുറച്ച് സമയത്തിനുള്ളിൽ കൂടുതൽ വിവരങ്ങൾ നൽകും – സംഭവം സ്ഥിരീകരിച്ചുകൊണ്ട് ഒരു ഐഎഎഫ് ഉദ്യോഗസ്ഥൻ പറഞ്ഞു:
എയറോനോട്ടിക്കൽ ഡെവലപ്‌മെന്റ് ഏജൻസി രൂപകൽപ്പന ചെയ്‌ത് ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡ് നിർമ്മിച്ച തേജസ്, വിദേശ എഞ്ചിൻ ഉപയോഗിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത യുദ്ധവിമാനമാണ്. ഇന്ത്യൻ വ്യോമസേന നിലവിൽ തേജസ് യുദ്ധവിമാനത്തിന്റെ എംകെ 1 ഇനം പ്രവർത്തിപ്പിക്കുന്നു, കൂടാതെ എംകെ 1 എ വേരിയന്റിന്റെ ഡെലിവറികൾക്കായി കാത്തിരിക്കുകയാണ്.
തേജസ് യുദ്ധവിമാനത്തിന്റെ രണ്ടാമത്തെ അപകടമാണ് ദുബായിലുണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം മാർച്ചിൽ ജയ്‌സാൽമറിനടുത്ത് ഒരു തേജസ് യുദ്ധവിമാനം തകർന്നുവീണു. പൈലറ്റ് സുരക്ഷിതമായി പുറത്തേക്ക് വന്നിരുന്നു. എന്നാൽ ദുബായിലെ അപകടത്തിൽ പൈലറ്റിൻ്റെ സ്ഥിതി എന്തെന്ന് വ്യക്തമല്ല. പരിചയസമ്പന്നനായ പൈലറ്റ് വിക്രംസിംഗാണ് ദുബായിൽ തേജസ്സ് പറത്തിയിരുന്നത് എന്നാണ് സൂചന.




