താനൂരില്‍ പൊലീസ് കസ്റ്റഡിയില്‍ പ്രതി മരിച്ച സംഭവത്തില്‍ പൊലീസിന്റെ വിശ്രമ മുറിയില്‍ അന്വേഷണ സംഘം രക്തക്കറ കണ്ടെത്തി. മരിച്ച താമിര്‍ ജിഫ്രിയെ കിടത്തിയിരുന്ന സ്റ്റേഷന് മുകളിലാണ് വിശ്രമമുറി.
വിശ്രമമുറിയിലെ കട്ടിലിനടിയിലാണ് ക്രൈം ബ്രാഞ്ച് രക്തക്കറ കണ്ടെത്തിയത്. ഇത് ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും.
പ്രതി പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച സംഭവത്തില്‍ എട്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കഴിഞ്ഞ ദിവസം നടപടിയെടുത്തിരുന്നു. എസ് ഐ കൃഷ്ണലാല്‍, പൊലീസ് ഉദ്യോഗസ്ഥരായ മനോജ്, ശ്രീകുമാര്‍, ആശിഷ് സ്റ്റീഫന്‍, ജിനേഷ്, അഭിമന്യു, വിപിന്‍, ആല്‍ബിന്‍ അഗസ്റ്റിന്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ റേഞ്ച് ഡിഐജിയുടേതായിരുന്നു നടപടി.
താമിറിന്റെ ആമാശയത്തില്‍ ക്രിസ്റ്റല്‍ രൂപത്തിലുള്ള വസ്തു അടങ്ങിയ കവറുകള്‍ കണ്ടെത്തിയിരുന്നു. ഇതിലൊരു കവര്‍ പൊട്ടാത്ത നിലയില്‍ ആയിരുന്നു. ഇത് മയക്കുമരുന്ന് ആകാമെന്നാണ് വിലയിരുത്തല്‍. താമിറിന്റെ ശരീരമാസകലം മുറിവേറ്റതിന്റെ പാടുകള്‍ ഉണ്ട് എന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു.
അര്‍ധരാത്രിയോടെ കസ്റ്റഡിയില്‍ എടുത്ത താമിര്‍ പുലര്‍ച്ചയോടെ കുഴഞ്ഞു വീഴുകയായിരുന്നു എന്നും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ലെന്നുമായിരുന്നു പൊലീസിന്റെ വിശദീകരണം.
പിന്നാലെ കസ്റ്റഡി മര്‍ദ്ദനമാണ് മരണകാരണമെന്ന് ആരോപിച്ച് പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ജില്ലാ ക്രൈം ബ്രാഞ്ചില്‍ നിന്ന് സംസ്ഥാന ക്രൈം ബ്രാഞ്ചിന് അന്വേഷണം കൈമാറുകയും അന്വേഷണ ചുമതലയില്‍ നിന്ന് മലപ്പുറം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയെ മാറ്റുകയും ചെയ്തിരുന്നു.