കൊല്ലം: കേരളത്തിൽ എയിംസ് വരുമെന്ന് ആവര്‍ത്തിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആലപ്പുഴയിൽ എയിംസ് വരണമെന്നാണ് വ്യക്തിപരമായി തൻ്റെ നിലപാടാണ്. ആലപ്പുഴയിൽ സ്ഥലം തരില്ലെങ്കിൽ തൃശൂരിൽ നേടിയെടുക്കണമെന്ന് സുരേഷ് ഗോപി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എയിംസ് വരാൻ ഇനിയും സമയമുണ്ട്. സംസ്ഥാന സര്‍ക്കാര്‍ സ്ഥലമെടുത്ത് തന്നാൽ എയിംസ് വന്നിരിക്കും. എയിംസ് വരാന്‍ കേരളം എന്ത് ചെയ്തെന്ന് പറയണമെന്നും ഇലക്ഷൻ ഒന്ന് മാറ്റി വെച്ചാൽ ഇപ്പോൾ ഉയരുന്നതെല്ലാം കെട്ടടങ്ങുമെന്നും സുരേഷ് ഗോപി വിമര്‍ശിച്ചു. ബജറ്റിൽ എയിംസ് എവിടെ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് 2016 ൽ പ്രഖ്യാപിച്ചല്ലോ എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.
ശബരിമല കൊടിമര പ്രതിഷ്ഠയ്ക്ക് സംഭാവന നല്‍കിയ വിഷയത്തിലും സുരേഷ് ഗോപി പ്രതികരിച്ചു. ഭക്തജനങ്ങളെ സംബന്ധിച്ച് കൊടിമരം പുനർനിർമ്മാണം വലിയ കാര്യമാണ്. കൊടിമരം പുനസ്ഥാപിക്കണമെന്ന് ദേവപ്രശ്നത്തിൽ തെളിഞ്ഞു. എന്റെ വിയർപ്പിന്റെ അംശം അതിലുണ്ടാകണം എന്ന് ആഗ്രഹിച്ചു. വീട്ടിൽ നിന്നുള്ള സ്വർണ്ണം ഭീമയിൽ കൊണ്ട് കൊടുത്താണ് 24 കാരറ്റ് സ്വർണ്ണമാക്കിയതെന്നും സുരേഷ് ഗോപി പറഞ്ഞു. മറ്റേ മോൻ പരാമർശത്തിലും സുരേഷ് ഗോപി വിശദീകരണം നല്‍കി. മറ്റേ മകൻ എന്നാണ് ഉദ്ദേശിച്ചത്. പേര് കിട്ടാത്തത് കൊണ്ട് അങ്ങനെ പറഞ്ഞു എന്നേ ഉള്ളുവെന്നും സുരേഷ്‌ഗോപി കൂട്ടിച്ചേര്‍ത്തു.




