കോട്ടയം: കൊട്ടാരക്കര താലൂക്കാശുപത്രിയിലെ ഡോക്ടർ വന്ദനയെ യുവാവ് കുത്തിക്കൊന്ന സംഭവത്തിൽ പൊലീസിനെതിരെ രൂക്ഷവിമർശനവുമായി സുരേഷ് ഗോപി. സന്ദീപിനെ ആശുപത്രിയിലേക്ക് കൊണ്ടു വന്ന പൊലീസുകാരുടെ ഭാഗത്ത് ഗുരുതര വീഴ്ചയാണ് ഉണ്ടായതെന്നും സ്വന്തം സഹോദരിയുടെ മകളായിരുന്നുവെങ്കിൽ കൊലയാളിയുടെ മുന്നിലേക്ക് പെൺകുട്ടിയെ ഇങ്ങനെ ഇട്ടുകൊടുക്കുമായിരുന്നുവെന്നോ സുരേഷ് ഗോപി ചോദിച്ചു.
സുരേഷ് ഗോപിയുടെ വാക്കുകൾ..
ആ വന്ന പൊലീസുകാരിൽ ആരെങ്കിലും ഒരാളുടെ രക്തബന്ധത്തിലുള്ള കുട്ടിയായിരുന്നു ആ ഡോക്ടറെങ്കിൽ ഇവരെല്ലാം ഇങ്ങനെ അൻപത് മീറ്റർ മാറി നിൽക്കുമായിരുന്നോ? അവിടെ അവർ നിയമം നോക്കുമായിരുന്നോ… കൊണ്ടു വന്നയാളുടെ മനസ്സിലെ അല്ലെങ്കിൽ പ്രവർത്തിയിലെ അപകാത ഇവർക്ക് മനസ്സിലാക്കേണ്ടേ.. എല്ലാം കാണുന്നവൻ മാത്രമാണോ പൊലീസുകാരൻ.. അയാൾക്ക് ഒരു ഉൾവിളി ഉണ്ടാവേണ്ടതല്ലേ..? ഒരിടത്ത് തല്ലുണ്ടാക്കി വന്നയാളാണ് പ്രതി, അപ്പോൾ ഒരു പെണ്കുട്ടിയുടെ അടുത്ത് ഇങ്ങനെയൊരാളെ ഒറ്റയ്ക്ക് വിട്ടു പോരാൻ പാടുണ്ടോ..? ഇതെൻ്റെ പെങ്ങളുടെ മകളാണ് എന്നൊരു ബോധ്യം അയാൾക്കുണ്ടായിരുന്നുവെങ്കിൽ അയാൾ വിട്ടിട്ടു പോകുമായിരുന്നോ…? നിയമം പറയുമായിരുന്നോ… ? അത് മാത്രമാണ് എനിക്കാ പൊലീസുകാരോട് പറയാനുള്ളത്… ഇത് നമ്മൾ വിട്ടുകൊടടുത്ത ഒരു ജീവനാണ്
അതേസമയം ഡോക്ടർ വന്ദന ദാസിന്‍റെ കൊലപാതകത്തിൽ പ്രതികരണവുമായി ഡിവൈഎഫ്ഐ. വന്ദനയുടെ കൊലപാതകം ഒറ്റപ്പെട്ട സംഭവമാണെന്നും ലഹരിയുടെ അമിത ഉപയോഗത്തിൽ കടുത്ത ക്രൂരതയാണ് പ്രതി നടത്തിയതെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് പറഞ്ഞു.
അങ്ങേയറ്റം വേദനാജനകമാണ് ഈ സംഭവം, നമ്മുടെ സമൂഹം കുറേക്കൂടി ജാഗ്രതയോടെ ഇത്തരം വിഷയങ്ങളിൽ ഇടപെടണമെന്നാണ് ഈ സംഭവത്തിൽ നിന്നും മനസ്സിലാവുന്നത്. ലഹരിക്കെതിരായ പോരാട്ടം ശക്തമാക്കേണ്ട സമയമാണിത്. ആ പോരാട്ടം ഡിവൈഎഫ്ഐ ഏറ്റെടുത്ത് ശക്തമായി മുന്നോട്ട് കൊണ്ടു പോകുമെന്നും കോട്ടയത്ത് ഡോ.വന്ദനയുടെ വീട്ടിലെത്തി ആദരാഞ്ജലി അർപ്പിച്ച ശേഷം വികെ സനോജ് പറഞ്ഞു.