മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവർക്ക് പത്തു ശതമാനം സംവരണം ഏർപ്പെടുത്തിയ ഭരണഘടനയുടെ 103-ാം ഭേദഗതി സുപ്രീം കോടതി അംഗീകരിച്ചു. ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് ദിനേശ് മഹേശ്വരി, എസ് രവീന്ദ്ര ഭട്ട്, ബേല എം ത്രിവേദി, ജെ ബി പർദിവാല എന്നിവരടങ്ങിയ അഞ്ചംഗ ബഞ്ചിന്റെ ഭൂരിപക്ഷ വിധിയിലാണ് സംവരണം ശരിവെച്ചത്. അഞ്ചിൽ നാല് ജഡ്ജിമാരും സംവരണം ശരിവെച്ചുകൊണ്ടാണ് വിധിപ്രസ്താവം നടത്തിയത്.
ഭരണഘടനയുടെ അടിസ്ഥാന ഘടനയെ മാറ്റുന്നതാണ് മുന്നാക്ക സംവരണമെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹര്‍ജികളിലാണ് സുപ്രീംകോടതി വിധി പറഞ്ഞത്. സാമ്പത്തിക സംവരണം ഭരണഘടനാ ലംഘനമല്ലെന്നും അത് ഭരണഘടനയുടെ ഒരു വ്യവസ്ഥയും ലംഘിക്കുന്നില്ലന്ന് ജസ്റ്റിസ് ദിനേശ് മഹേശ്വരി പറഞ്ഞു. ചീഫ് ജസ്റ്റിസ് യുയു ലളിതിനും ഇതേ അഭിപ്രായമാണ്. എന്നാൽ ജസ്റ്റിസ് രവീന്ദ്ര ഭട്ട് മറ്റു മൂന്ന് ജഡ്ജിമാരുടെയും വിധിയോട് വിയോജിച്ചു.
എഴ് ദിവസം തുടർച്ചയായി കേസിൽ കോടതി വാദം കേട്ട ശേഷമാണ് കേസിൽ സുപ്രീം കോടതി വിധി പ്രസ്താവിച്ചത്. സാമ്പത്തിക നിലയുടെ മാത്രം അടിസ്ഥാനത്തിൽ പ്രത്യേക പരിരക്ഷ നൽകുന്നത് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളിൽ നിന്നുള്ള വ്യതിചലനമാണെന്നായിരുന്നു ഹർജിക്കാരുടെ വാദം. സംവരണം ലക്ഷ്യമിടുന്നത് സാമ്പത്തിക ഉന്നമല്ലെന്നും അത് സാമൂഹികശാക്തീകരണമാണെന്നും കോടതി വാദത്തിനിടെ പരാമർശിച്ചിരുന്നു.