മാറിടമില്ലാതെ ജീവിക്കുന്ന അമ്മമാരെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ. മുറിച്ച് മാറ്റിയ മാറിടം നിറയ്ക്കാൻ ദുപ്പട്ടയും പഞ്ഞിക്കെടുകളും കുത്തിനിറയ്ക്കുന്ന അവരുടെ അപകർഷതാ ബോധത്തെ പറ്റി ചിന്തിച്ചിട്ടുണ്ടോ. ആ ചിന്തയിൽ നിന്നാണ് സായിഷ പിറന്നത്.കോട്ടൻ നൂലിൽ സ്നേഹം കൊണ്ട് മാറിടങ്ങൾ നെയ്തെടുക്കുന്ന മനുഷ്യർ . മാറ് മുറിച്ച് മാറ്റിയ ആയിരക്കണക്കിന് സ്ത്രീകളുടെ ഹൃദയം നിറച്ച കൂട്ടായ്മ സായിഷ ഇന്ത്യ ഫൌണ്ടേഷൻ.
മുംബൈ സ്വദേശി ജയശ്രീ രത്തന്‍റെ ചിന്തയിൽ പിറന്ന സായിഷ ഫൌണ്ടേഷന് ഇന്ത്യക്കകത്തും പുറത്തുമായി 450 ലധികം വോളന്‍റിയേഴ്സുണ്ട്. ഒരു പ്രതിഫലവും വാങ്ങാതെ വേദനിക്കുന്ന സഹജീവകൾക്ക് വേണ്ടി മാറിടങ്ങൾ തുന്നിയെടുക്കുകയാണവർ.സ്വന്തം സമ്പാദ്യത്തിലെ ഒരു വിഹിതം മാറ്റിവച്ച് ഏറ്റവും മികച്ച കോട്ടൻ നൂല് വാങ്ങി ഒഴിവുസമയങ്ങൾ കണ്ടെത്തി സഹജീവിയെ ചേർത്ത് പിടിക്കുന്ന സ്ത്രീകൾ
യുഎഇയിൽ പരസ്പരം പറഞ്ഞും അറിഞ്ഞും ഒത്തുകൂടിയ സായിഷയുടെ വോളന്‍റിയേഴ്സ് ശരിക്കും പറഞ്ഞാൽ മനസ് നിറയ്ക്കുന്ന കാഴ്ചയായിരുന്നു.കൌമാരക്കാർ മുതൽ 60 കഴിഞ്ഞ അമ്മമാർ വരെ ഉത്സാഹത്തോടെ നോക്കേഴ്സ് എന്ന ഓമനപ്പേരിൽ മാറിടങ്ങൾ തുന്നിയെടുക്കുന്ന തിരക്കിലാണ്.
നോക്കേഴ്സ് ആവശ്യമുള്ളവർ സായിഷയുടെ വെബ്സൈറ്റിലോ വോളന്‍റിയേഴ്സിനെയോ ബന്ധപ്പെട്ടാൽ മാത്രം മതി. ഒരു രൂപ പോലും ചിലവില്ലാതെ നോക്കേഴ്സ് നിങ്ങളുടെ വീട്ടിലെത്തും. കാൻസർ സെന്‍ററുകൾക്കും പാലിയേറ്റീവ് കേന്ദ്രങ്ങൾക്കും രോഗികൾക്കും സായിഷയെ ബന്ധപ്പെടാം. നിങ്ങളുടെ ഏറ്റവും അടുത്തസുഹൃത്തായി അവർ അടുത്തുണ്ടാകും.നിലവിൽ ഇന്ത്യയിലുള്ളവർക്ക് മാത്രമായിരിക്കും വിതരണം.
View this post on Instagram