അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തില്‍ സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു. ഉമ്മന്‍ചാണ്ടിയോടുള്ള ആദര സൂചകമായാണ് പൊതുഅവധി പ്രഖ്യാപിച്ചത്. രണ്ട് ദിവസം ദുഃഖാചരണവും നടത്തും.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി ബാധകമാണ്. എന്നാല്‍ പി.എസ്.സി പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല. ഇന്ന് നടക്കേണ്ടിയിരുന്ന സര്‍ട്ടിഫിക്കറ്റ് വേരിഫിക്കേഷനുകള്‍ അടുത്ത ദിവസത്തേക്ക് മാറ്റിയിട്ടുണ്ട്.
തൊണ്ടയിലെ കാന്‍സര്‍ ബാധയെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്ന ഉമ്മന്‍ ചാണ്ടി ഇന്ന് പുലര്‍ച്ചെ 4.25 ഓടെയാണ് അന്തരിച്ചത്. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. മകന്‍ ചാണ്ടി ഉമ്മനാണ് മരണവാര്‍ത്ത പുറത്തുവിട്ടത്.
ബെംഗളൂരുവില്‍ സുഹൃത്തിന്റെ വസതിയില്‍ വിശ്രമത്തിലായിരുന്ന ഉമ്മന്‍ ചാണ്ടിക്ക് ഇന്നലെ അര്‍ധ രാത്രിയോടെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉണ്ടായി. കടുത്ത വിറയലും അനുഭവപ്പെട്ടു. തുടര്‍ന്ന് ഇന്ദിരാ നഗറിലെ ചിന്മയ മിഷന്‍ ആശുപത്രിയിലേക്ക് ബന്ധുക്കള്‍ ഉമ്മന്‍ ചാണ്ടിയെ എത്തിച്ചു. എന്നാല്‍ പിന്നീട് ആരോഗ്യനില വഷളാവുകയും പുലര്‍ച്ചയോടെ മരണം സംഭവിക്കുകയുമായിരുന്നു.
പാര്‍ട്ടിക്കളുടെ യോഗം ഇന്ന് ബംഗളൂരുവില്‍ ചേരുന്നുണ്ട്. ഇതില്‍ പങ്കെടുക്കാനായി സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജ്ജുന്‍ ഖാര്‌ഗെയും അടക്കമുള്ള ഉന്നത നേതാക്കള്‍ ഇവിടെ എത്തിയിട്ടുണ്ട്. ഇവരെല്ലാം നാളെ മുന്‍ കേരള മുഖ്യമന്ത്രിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തും. ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം പുതുപ്പള്ളിയിലേക്ക് കൊണ്ട് വരും എന്ന് കുടുംബം അറിയിച്ചു. പൊതുദര്‍ശനം അടക്കമുള്ള കാര്യങ്ങളില്‍ പാര്‍ട്ടി നേതൃത്വം തീരുമാനമെടുക്കും.
കേരള രാഷ്ട്രീയത്തിലെ ഏറ്റവും ജനകീയനായ നേതാക്കളില്‍ മുന്‍നിരയില്‍ ആണ് ഉമ്മന്‍ ചാണ്ടിയുടെ ഇടം. ഏത് സാധാരണക്കാരനും പ്രാപ്യനായ നേതാവായിരുന്നു ഓ.സി എന്ന ഉമ്മന്‍ ചാണ്ടി. മുഖ്യമന്ത്രിയായ കാലത്ത് ഉമ്മന്‍ ചാണ്ടി നടത്തിയ ജനസമ്പര്‍ക്ക പരിപാടി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തന്നെ അപൂര്‍വമായ ഒരു ജനകീയ ഇടപെടലായിരുന്നു. ഐക്യരാഷ്ട്രസഭയുടെ അംഗീകാരവും ഈ പരിപാടിക്ക് പിന്നെ കിട്ടി. നിയമസഭയില്‍ പുതുപ്പള്ളി മണ്ഡലത്തെ അരനൂറ്റാണ്ടിലേറെ കാലം പ്രതിനിധീകരിച്ച ഉമ്മന്‍ ചാണ്ടി ഏറ്റവും സീനിയര്‍ ആയ നിയമസഭാ സാമജികന്‍ കൂടിയായിരുന്നു.
കൊച്ചി സ്മാര്‍ട്ട് സിറ്റിയും കൊച്ചി മെട്രോയും കണ്ണൂര്‍ വിമാനത്താവളവും വിഴിഞ്ഞം തുറമുഖവും അടക്കം നിരവധി പദ്ധതികള്‍ യാഥാര്‍ഥ്യമാക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കു വഹിച്ചിരുന്നു.