അവസാന നിമിഷം വരെ ആവേശം നിറഞ്ഞ കരുത്തരുടെ പോരാട്ടത്തിൽ സ്പെയിനെ സമനിലയിൽ തളച്ച് ജർമ്മനി. 1-1 ന്റെ സമനില പിടിച്ചതോടെ ജർമ്മനി ലോകകപ്പിൽ പ്രീ ക്വാർട്ടർ പ്രതീക്ഷ നിലനിർത്തി.
അൽവാരോ മൊറാട്ടയുടെ ഗോളിൽ ആദ്യ ലീഡ് ഉയർത്തിയത് സ്പെയിൽ ആയിരുന്നു. പിന്നാലെ നിക്ലസ് ഫുൾക്രുഗ് ജർമനിക്ക് സമനില നൽകി. ഗ്രൂപ്പ് ഇയിൽ നാല് പോയിന്റുമായി സ്പെയ്ൻ ഒന്നാമതാണ്. ജർമ്മനി ഒരു പോയിന്റുമായി നാലാമത്. അടുത്ത കളിയിൽ കോസ്റ്ററിക്കയെ തോൽപ്പിച്ചാൽ ജർമനിക്ക് സാധ്യതയുണ്ട്. സ്പെയിന് ജപ്പാനാണ് എതിരാളി. ഡിസംബർ ഒന്നിനാണ് അവസാന റൗണ്ട് മത്സരങ്ങൾ.
മറ്റൊരു മത്സരത്തിൽ ബൽജിയത്തെ മൊറോക്കോ വീഴ്‌ത്തി. അവസാന 19 മിനിറ്റിൽ രണ്ട് ഗോളടിച്ചാണ് ജയം. ആദ്യത്തേത് ഇടത്തേ കോർണർ കൊടിക്കരികെനിന്ന് അബ്‌ദുൽ ഹമീദ് സബിരിയുടെ ഫ്രീകിക്ക്. രണ്ടാമത്തേത് ഗോൾകീപ്പർ ഉയർത്തിയടിച്ച പന്ത് കൈമാറിക്കിട്ടിയ സക്കറിയ അബൂക്ക്‌ലാലിന്റെ തകർപ്പൻ ഷോട്ട്.
ക്രൊയേഷ്യ 4–1ന് കാനഡയെ വീഴ്ത്തി ഗ്രൂപ്പ് എഫിൽ ഒന്നാമതെത്തി. രണ്ട് കളിയും തോറ്റ കാനഡ പുറത്തായി. ഗ്രൂപ്പിൽ രണ്ടാമത് മൊറോക്കോയാണ്. ബൽജിയത്തിന് ക്രൊയേഷ്യയെയും മൊറോക്കോയ്ക്ക് കാനഡയെയുമാണ് നേരിടാനുള്ളത്. ജർമനിയെ ഞെട്ടിച്ച ജപ്പാൻ കോസ്റ്ററിക്കയോട് പരാജയപ്പെട്ടു. കളിയുടെ അവസാന മിനിറ്റിലാണ് കോസ്റ്ററിക്കയുടെ ജയം.