ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമാഫോസയും സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും ചർച്ചനടത്തി. ശേഷം ദക്ഷിണാഫ്രിക്കയും സൗദി അറേബ്യയും വിവിധ മേഖലകളിൽ നടപ്പാക്കുന്ന സഹകരണവുമായി ബന്ധപ്പെട്ട കരാറുകളിൽ ഒപ്പുവച്ചു. ജിദ്ദയിലെ അൽ സലാം കൊട്ടാരത്തിൽവച്ച് നടന്ന ഔദ്യോഗിക സ്വീകരണ ചടങ്ങുകൾക്ക് ശേഷമാണ് കരാറുകളിൽ ഒപ്പുവച്ചത്.
വ്യാപാരം, വ്യവസായം, ആശയവിനിമയം, കൃഷി, ഗതാഗതം, വിവര സാങ്കേതിക വിദ്യ എന്നീ രംഗങ്ങളിലാണ് ഇരു രാജ്യങ്ങളും സഹകരിക്കുന്നത്. ഉഭയകക്ഷി ബന്ധങ്ങളും വിവിധ മേഖലകളിലെ സഹകരണത്തിന്റെ വശങ്ങളും ചർച്ചയിൽ ഉൾപ്പെടുത്തിയിരുന്നു. സഹമന്ത്രി അമീർ തുർക്കി ബിൻ മുഹമ്മദ് ബിൻ ഫഹദ് ഉൾപ്പെടെയുള്ള വിവിധ മേഖലകളിലെ മറ്റ് മന്ത്രിമാരും ദക്ഷിണാഫ്രിക്കൻ മന്ത്രിമാരും സ്വീകരണത്തിൽ പങ്കെടുത്തു.