അധഃസ്ഥിതരുടെ മോചനത്തിനുവേണ്ടി അഹോരാത്രം പ്രയത്നിച്ച സാമൂഹിക പരിഷ്കർത്താവായിരുന്നു മഹാത്മാ അയ്യങ്കാളി. സഞ്ചാര സ്വാതന്ത്ര്യം, വിദ്യാഭ്യാസം, മാന്യമായ വസ്ത്ര ധാരണം തുടങ്ങിയ മൗലികാവകാശങ്ങൾ നിഷേധിക്കപ്പെട്ട അവർക്ക് വേണ്ടി അദ്ദേഹം പൊരുതി. 1863 ഓഗസ്റ്റ് 23 ന് അയ്യന്റെയും മാലയുടെയും മകനായി തിരുവിതാംകൂറിലെ വെങ്ങാനൂരിലാണ് അയ്യങ്കാളി ജനിച്ചത്.
1807 ൽ എല്ലാ വിഭാഗം ജനങ്ങൾക്കും പൊതുവഴിയിലൂടെ വാഹനത്തിൽ സഞ്ചരിക്കാൻ അവകാശമുണ്ട് എന്ന ഉത്തരവ് ഗവർണർ പ്രഖ്യാപിച്ചു. തന്റെ 28 ആമത്തെ വയസ്സിൽ സാമൂഹിക അസമത്വത്തിനെ സധൈര്യം വെല്ലുവിളിച്ചുകൊണ്ട് ഒരു ബനിയനും തലപ്പാവും മേൽമുണ്ടും ധരിച്ച് പൊതു നിരത്തിലൂടെ വില്ലുവണ്ടിയിൽ അന്ന് അദ്ദേഹം യാത്ര ചെയ്തു. ജാതിവിലക്ക് അയ്യങ്കാളിയെ നിരക്ഷരനാക്കിയിരുന്നു. അതുകൊണ്ട് തന്നെ വിദ്യാഭ്യാസം നേടാൻ അവകാശമില്ലാതിരുന്ന ഒരു ജനതയ്ക്ക് വേണ്ടി വെങ്ങാനൂരിൽ അദ്ദേഹം പള്ളിക്കൂടം നിർമിച്ചു. എന്നാൽ ജാതിവെറി പൂണ്ട ചില പ്രമാണികൾ ആ പള്ളികൂടത്തെ അഗ്നിക്കിരയാക്കി. പിന്നീട് 1909 ൽ ജാതിവ്യത്യാസമില്ലാതെ എല്ലാ ജനതയ്ക്കും വിദ്യാലയത്തിൽ പ്രവേശിക്കാമെന്ന ദിവാന്റെ ഉത്തരവ് വലിയ ആശ്വാസമായിരുന്നു. ഇത് അയ്യങ്കാളിയുടെ വിജയമായിരുന്നു.
പഞ്ചമി എന്ന പുലയബാലികയെ ഊരുട്ടുമ്പലം സ്കൂളിൽ പ്രവേശിപ്പിച്ചുകൊണ്ട് അയ്യങ്കാളി ദിവാന്റെ ഉത്തരവ് നടപ്പിലാക്കി. ഇതിൽ ക്ഷുഭിതരായ ചില ജാതി വെറിയന്മാർ ആ സ്കൂളിനും തീവച്ചു. “ഞങ്ങളുടെ കുട്ടികൾക്ക് പഠിക്കാനായില്ലെങ്കിൽ നിങ്ങളുടെ പാടങ്ങളിൽ നെല്ലിന് പകരം മുട്ടിപുല്ല് മുളയ്ക്കു”മെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. കർഷകതൊഴിലാളികളായ അധഃസ്ഥിതരെ സംഘടിപ്പിച്ചുകൊണ്ട് അദ്ദേഹം സാധുജന പരിപാലന സംഘത്തിന് രൂപം നൽകുകയും ചെയ്തു. അതിലൂടെ അവർണ്ണ വിഭാഗത്തിന്റെ നിയമ പോരാട്ടത്തിന് ചുക്കാൻ പിടിച്ചു.
അന്ന് പതിന്നാല് വയസ്സിന് മുകളിലുള്ള അവർണ്ണവിഭാഗത്തിലെ സ്ത്രീകൾ മാറുമറയ്ക്കരുതെന്നും, തലക്കരവും മുലക്കരവും അവരിൽ നിന്ന് ഈടാക്കുന്നതും സഹജമായിരുന്നു. സവർണ്ണർക്ക് മുന്നിൽ മാറുമറയ്ക്കാതെ നിന്ന അടിയാത്തി പെണ്ണുങ്ങളുടെയും നീതിക്കായി അയ്യങ്കാളി മുന്നിട്ടിറങ്ങി. അവർ ധരിച്ചിരുന്ന അടിമത്വത്തിന്റെ പ്രതീകമായ കല്ലുമാല വലിച്ചെറിയാൻ ആഹ്വാനം ചെയ്‌തുകൊണ്ട് അയ്യങ്കാളി അവർക്ക് പോരാടാനുള്ള ധൈര്യം പകർന്നു നൽകി. ആയിരക്കണക്കിന് ദളിത് സ്ത്രീകൾ അദ്ദേഹത്തിനൊപ്പം സമരത്തിനിറങ്ങി.
ക്ഷേത്ര പ്രവേശന വിളംബരത്തെത്തുടർന്ന് 1937 ൽ കേരളത്തിലെത്തിയ ഗാന്ധിജിയെ അയ്യങ്കാളി സന്ദർശിച്ചു. മുഖ്യധാരയിലേക്കെത്തുന്നത് നിഷേധിക്കപ്പെട്ട അധഃസ്ഥിത വിഭാഗത്തിൽ നിന്നും 10 ബിരുദക്കാരെ ഉണ്ടാക്കാൻ സഹായിക്കണമെന്ന് ഗാന്ധിജിയോട് അഭ്യർത്ഥിച്ചു. പത്തല്ല, 100 പേരെ ഉണ്ടാക്കണമെന്ന് പറഞ്ഞുകൊണ്ട് തന്റെ വിദ്യാഭ്യാസ ഫണ്ടിൽ നിന്നും ധനസഹായം നൽകി ഗാന്ധിജി അതിന് മറുപടി നൽകി.
1941 ജൂൺ 18 ന് തന്റെ 77ാം വയസ്സിൽ മഹാത്മാ അയ്യങ്കാളി അന്തരിച്ചു. സമൂഹത്തിൽ കൊടികുത്തി വാണിരുന്ന അടിമത്വത്തെയും ഉഛനീച്ചത്വത്തേയും വേരോടെ പിഴുതെറിഞ്ഞ, അടിച്ചമർത്തപ്പെട്ട വലിയൊരു വിഭാഗം ജനതയെ സമൂഹത്തിന്റെ ഉന്നതിയിലേക്ക് കൈപിടിച്ച് നടത്തിയ, അസമത്വത്തിനെതിരെ പോരാടാൻ കേരള ജനതയ്ക്ക് ധൈര്യം കൊടുത്ത ധീരനായ അയ്യങ്കാളിയുടെ പോരാട്ട ചരിത്രങ്ങൾ ഇന്നും വില്ലുവണ്ടിയിലേറി നാട് ചുറ്റുന്നുണ്ട്.